ചങ്ങനാശ്ശേരിയില്‍ വന്‍ മോഷണം; മൂന്നു ലക്ഷത്തിന്റെ ചെമ്പുകമ്പി കവര്‍ന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭാ കാര്യാലയത്തിനു സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ വന്‍ മോഷണം. ഇവിടെ നിന്നു മൂന്നു ലക്ഷം രൂപ വില വരുന്ന മോട്ടോര്‍ വൈഡിങ് ചെമ്പുകമ്പികള്‍ കവര്‍ന്നു. തൃക്കൊടിത്താനം പ്ലാപ്പുഴ ബെന്നിച്ചന്റെ ഉടമസ്ഥതയില്‍ എ പി ജെ അബ്ദുല്‍ കലാം റോഡില്‍ പ്രവര്‍ത്തിക്കുന്ന ടെക് ആന്റ് മെക് എന്ന വ്യാപാര സ്ഥാപനത്തിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണു മോഷണ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. കടയുടെ ഷട്ടറിന്റെ ക്ലാമ്പ് അറുത്തുമാറ്റിയ നിലയിലായിരുന്നു. 22 കിലോ വീതമുള്ള 16 ബണ്ടില്‍ ചെമ്പുകമ്പികളാണു മോഷണം പോയത്. പരാതിപ്പെട്ടതിനെ തുടര്‍ന്നു ചങ്ങനാശ്ശേരി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇത്രയും തുകയ്ക്കുള്ള സാധനം മോഷണം നടക്കുന്നത് ആദ്യമായിട്ടാണ്. ഏറ നാളായി കെട്ടടങ്ങിയിരുന്ന നഗരത്തിലെ മോഷണം വീണ്ടും ആരംഭിച്ചതില്‍ വ്യാപാരികള്‍ ആശങ്കയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

RELATED STORIES

Share it
Top