ചങ്ങനാശ്ശേരിയില്‍ മുക്കാല്‍ കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍ചങ്ങനാശ്ശേരി: മുക്കാല്‍ കിലോ കഞ്ചാവുമായി 19 വയസ്സുകാരന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി ളായിക്കാട് പോത്തന്‍പറമ്പില്‍ അമല്‍ സുരേഷ് (19) ആണ് ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ ഭാഗത്തു നിന്നാണ് ഇയാള്‍ കഞ്ചാവ് കേരളത്തിലേക്കു എത്തിച്ചിരുന്നതെന്നു ചോദ്യംചെയ്യലില്‍ എക്‌സൈസിനോട് പറഞ്ഞു. ഇയാള്‍ കഞ്ചാവുമായി എത്തുന്നുണ്ടെന്നു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ളായിക്കാട്ടു നിന്നാണ് ഇയാളെ പിടികൂടുന്നത്. ട്രെയിന്‍മാര്‍ഗം ചങ്ങനാശ്ശേരിയില്‍ എത്തിച്ചു  ചെറുപൊതികളാക്കി  വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്‍പന നടത്തിവരികയായിരുന്നു.  എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ഒരു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഗ്രേഡ് എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ റോയ് എം തോമസ്, പ്രിവന്റീവ് ഓഫിസര്‍മാരായ സാബു, സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി സന്തോഷ്, കെ ഷിജു, ലൂയിസ്, അജേഷ്, രതീഷ് കെ നാണു, ഡ്രൈവര്‍ ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

RELATED STORIES

Share it
Top