ചക്ക ഇനി സംസ്ഥാന ഫലം

എച്ച്   സുധീര്‍
തിരുവനന്തപുരം: പഴയകാലത്ത് മലയാളിയുടെ അടുക്കളയിലെ ഇഷ്ടവിഭവമായിരുന്ന ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിന് അംഗീകാരം. കൃഷിവകുപ്പിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചതോടെ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 21നു നടക്കും. ഇതിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാവും.
സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും എത്തുന്നത്. കേരളത്തില്‍ സര്‍വസാധാരണമായതും ഏറ്റവും പോഷകഗുണവുമുള്ള ഫലം എന്നതാണ് ചക്കയെ സംസ്ഥാന ഫലം എന്ന പദവിക്ക് അര്‍ഹമാക്കിയത്. മറ്റു പല സംസ്ഥാനങ്ങളിലും നിന്നു വ്യത്യസ്തമായി വളമോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് ഇവിടെ ചക്ക ഉല്‍പാദിപ്പിക്കുന്നത്. ഈ ചക്ക പ്രകൃതിദത്തമാണ്. അതും ചക്കയെ സംസ്ഥാനഫലമെന്ന പദവിയിലേക്കുയര്‍ത്താന്‍ കാരണമായി. ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
കാര്‍ഷിക കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയ്ക്ക് ഇതോടുകൂടി പ്രചാരം വര്‍ധിക്കും. അധ്യാപകനും എഴുത്തുകാരനുമായ മനിശീരി പനയംകണ്ടത്ത് മഠത്തില്‍ ബാലകൃഷ്ണന്‍ തൃക്കങ്ങോടാണു ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക് ആദ്യമായി നിവേദനം നല്‍കിയത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാവും പ്രഖ്യാപനം.
ചക്കയ്ക്കു കാന്‍സറിനെ പ്രതിരോധിക്കാനടക്കം കഴിവുണ്ടെന്നു പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണത്തിന്റെ അംശം കൂടുതലുള്ള ഫലംകൂടിയാണിത്. ഒരുകാലത്ത് കേരളീയരുടെ പ്രധാന ഭക്ഷണവിഭവമായിരുന്ന ചക്കയുടെ മൂല്യം പുതിയ തലമുറ തിരിച്ചറിയാത്ത സാഹചര്യമുണ്ട്. പ്രതിവര്‍ഷം 32 കോടി ചക്ക ഉല്‍പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30 ശതമാനം നശിച്ചുപോവുന്നുവെന്നാണു കണക്കുകള്‍.
ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഇങ്ങനെ ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം. നാര്‌സമ്പുഷ്ടമായ ചക്കവിഭവങ്ങള്‍ ആരോഗ്യത്തിന് അത്യുത്തമമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചക്ക ഉപയോഗിച്ച് ചപ്പാത്തിയും പൊറോട്ടയും മുതല്‍ പൂരിയും പുട്ടും ഉപ്പുമാവും ഹല്‍വയും വരെ ഉണ്ടാക്കാനുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്.
ഏറെ നാരുകളടങ്ങിയ ചക്ക പ്രമേഹം കുറച്ച് ശരീരഭാരം നിയന്ത്രിക്കുന്നു. പഴുക്കാത്ത ചക്കകൊണ്ടുള്ള ഒരുകൂട്ടം വിഭവങ്ങള്‍ കഴിച്ച് പ്രമേഹത്തെ പിടിച്ചുകെട്ടാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

RELATED STORIES

Share it
Top