ചക്കേം മാങ്ങേം ആറുമാസം ചൊല്ലങ്ങനെ, സ്ഥിതി വേറെ

സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതോടെ ചക്കയ്ക്ക് ഇതാ നല്ല കാലം വരുന്നു എന്ന പ്രത്യാശയിലാണു മലയാളികള്‍. ലോകത്ത് ഏറ്റവുമധികം ചക്ക ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ നന്നായി ചക്ക വിളയുന്നു. എന്നാല്‍, ആരാലും ശ്രദ്ധിക്കപ്പെടാതെയും വളരെയൊന്നും ഉപയോഗിക്കാതെയും പാഴായിപ്പോവുകയാണ് ഈ ഫലം. പച്ചച്ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം ശമിപ്പിക്കാന്‍ ഉപകരിക്കുമെന്ന പുതിയ കണ്ടെത്തല്‍ ചക്കയ്ക്ക് ഈയിടെയായി ഇത്തിരി മാന്യത നല്‍കിയിട്ടുണ്ട് എന്നതു ശരിയാണ്. ചക്കയുടെ ഏതാണ്ടെല്ലാ ഭാഗങ്ങള്‍ കൊണ്ടും പല മൂല്യവര്‍ധിത ഭക്ഷ്യവസ്തുക്കളും നിര്‍മിക്കാവുന്നതുമാണ്.
എന്നാല്‍, പ്രയോഗത്തില്‍ അത് എത്രത്തോളം സാധിക്കുന്നുണ്ട്, ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വിപണിസാധ്യതയുണ്ടോ എന്നൊക്കെ ആലോചിക്കുമ്പോഴാണ് ചക്കമാഹാത്മ്യ പ്രചാരണഘോഷങ്ങളുടെ യഥാര്‍ഥ സ്ഥിതി വ്യക്തമാവുക. ഔദ്യോഗിക പ്രഖ്യാപനങ്ങളും പ്രചാരണങ്ങളും ചക്കയുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇപ്പോഴും ചക്ക ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ്. ഈ സീസണിലും കേരളത്തില്‍ വിളയുന്ന ചക്കയില്‍ കൂടുതല്‍ ഭാഗവും പാഴായിപ്പോവാനാണ് സാധ്യത. തമിഴ്‌നാട്ടിലെ പണ്‍റുട്ടിയിലും മറ്റുമുള്ളതുപോലെ ആസൂത്രണത്തോടെ ചക്ക ഉല്‍പാദനം കേരളത്തില്‍ ഒരിടത്തും നടക്കുന്നില്ല. പ്രഖ്യാപനം അതിന്റെ വഴിക്കുപോയി; പ്രചാരണങ്ങള്‍ അതിന്റെ വഴിക്കും. ചക്ക ഇപ്പോഴും പാഴാവാന്‍ കാത്തുകിടക്കുക തന്നെ.
മാങ്ങയുടെ കാര്യവും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെയാണ്. നമ്മുടെ നാട്ടില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ധാരാളം മാവുകള്‍ ഇപ്പോഴുമുണ്ട്. അവ നന്നായി കായ്ക്കുന്നുമുണ്ട്. പക്ഷേ, നാടന്‍ മാങ്ങ ആര്‍ക്കും വേണ്ട. മരങ്ങളില്‍ നിന്ന് യഥാസമയം പറിച്ചെടുക്കാന്‍ പണിക്കാരെ കിട്ടാനില്ല. മാങ്ങയും വലിയൊരു പങ്ക് പാഴാവുകയാണ്. മാത്രമല്ല, നാടന്‍ മാവുകളെ ജനങ്ങള്‍ കൈയൊഴിച്ചുകളയുകയും ചെയ്തു. അത്യുല്‍പാദനശേഷിയുള്ള ഒട്ടുമാവുകളിലാണ് ആളുകള്‍ക്ക് കമ്പം. സുലഭമായ നാടന്‍ മാങ്ങ ഉപേക്ഷിച്ച് പൂവിടുന്ന കാലത്തുതന്നെ മാരകകീടനാശിനികള്‍ ഉപയോഗിക്കുകയും വിഷമയമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചെടുക്കുകയും ചെയ്യുന്ന മുന്തിയ ഇനം മാങ്ങ വാങ്ങിത്തിന്നുകയാണ് നാം. 'ചക്കേം മാങ്ങേം ആറുമാസം' എന്ന പഴഞ്ചൊല്ല് തീര്‍ത്തും അപ്രസക്തമായി.
യൂറോപ്യന്‍ രാജ്യങ്ങളില്‍, ഉടമകള്‍ പ്രയോജനപ്പെടുത്താന്‍ ഇടയില്ലാത്ത പഴങ്ങളും മറ്റും ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന 'ഗ്ലീനിങ്' എന്ന ഏര്‍പ്പാടുണ്ട്. സന്നദ്ധസംഘടനകള്‍ ഇതു ഭംഗിയായി ചെയ്യുന്നു. മുദ്രാവാക്യം വിളിച്ച് തെരുവിലലയുന്ന കേരളത്തിലെ യുവജന സംഘടനകള്‍ക്ക് എന്തുകൊണ്ട് ഈ പദ്ധതി പരീക്ഷിച്ചുകൂടാ?

RELATED STORIES

Share it
Top