ചക്കിട്ടപ്പാറയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായിപേരാമ്പ്ര: ഡെങ്കി ഉള്‍പ്പടെ പകര്‍ച്ച പനിക്കെതിരെ ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1500 തൊഴിലുറപ്പു തൊഴിലാളികളെ അണിനിരത്തി 15 വാര്‍ഡുകളിലെ ഓരോ വീടും കേന്ദ്രീകരിച്ചു  ഇന്നലെ ശുചീകരണ പ്രവര്‍ത്തനം നടത്തി. അയല്‍ക്കൂട്ട സഭകളുടെ നേതൃത്വത്തില്‍ രോഗ പ്രതിരോധ ഹോമിയോ മരുന്നു മുഴുവന്‍ വീടുകളിലും ഇതിനോടകം എത്തിച്ചു കഴിഞ്ഞു. ഇന്ന് ഗ്രാമപഞ്ചായത്തിലെ നാല് കേന്ദ്രങ്ങളില്‍ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് രണ്ടും പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ പിഎച്ച്‌സികള്‍ കേന്ദ്രീകരിച്ചുമാണ് രാവിലെ 10 മുതല്‍ ഉച്ചക്കു രണ്ടു വരെ ക്യാംപ് നടത്തുക. കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റല്‍, ജില്ലാ ഹോമിയോ ആശുപത്രി, ജെസിഐ ചക്കിട്ടപാറ ചാപ്റ്റര്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാംപുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 23ന് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനം നടത്തും. 25, 26 തിയ്യതികളില്‍ ഓടകളും തോടുകളും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു വൃത്തിയാക്കുമെന്നും പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് കെ.സുനില്‍ എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top