ചക്കംകണ്ടത്ത് മാലിന്യസംസ്‌കരണ പ്ലാന്റ്: അജണ്ട അംഗീകരിക്കാനായില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ സ്വന്തംപക്ഷത്തെ കൗണ്‍സിലറുടെ പ്രതിഷേധം മൂലം ചക്കംകണ്ടത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള അജണ്ട ഭരണപക്ഷത്തിന് അംഗീകരിക്കാനായില്ല. മുന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യരാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്.
സുരേഷ് വാര്യര്‍ ആവശ്യപ്പെട്ടതെല്ലാം അംഗീകരിക്കാമെന്ന് ഭരണപക്ഷം സമ്മതിച്ചിട്ടും അജണ്ട അംഗീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അമൃത് പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച സെപ്‌റ്റേജ് പ്ലാന്റിന്റെ നിര്‍മാണത്തിന് സ്ഥലം അനുവദിച്ചുള്ള വാട്ടര്‍ അതോറിറ്റിയുടെ എംഡിയുടെ ഉത്തരവിനെയാണ് സുരേഷ് വാര്യര്‍ എതിര്‍ത്തത്. സപ്ലിമെന്ററി അജണ്ടയായാണ് വിഷയം കൗണ്‍സിലില്‍ എത്തിയത് എന്നതിനാല്‍ ഒരു അംഗത്തിന്റെ എതിര്‍പ്പുണ്ടായാല്‍ പോലും അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയാത്തതിനാല്‍ അജണ്ട മാറ്റിവയ്‌ക്കേണ്ടിവന്നു. കോണ്‍ഗ്രസ് അംഗങ്ങളും മുസ്്‌ലിം ലീഗ് അംഗവും സുരേഷ് വാര്യര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തു. തന്റെ വാര്‍ഡിലെ കാനകള്‍ക്ക് അമൃത് പദ്ധതിയില്‍ ഫണ്ട് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സുരേഷ് വാര്യര്‍ എതിര്‍ത്തത്. എന്നാല്‍ കാനകള്‍ക്ക് ഫണ്ട് നല്‍കാമെന്ന് വൈസ് ചെയര്‍മാന്‍ കെ പി വിനോദ് സമ്മതിച്ചെങ്കിലും അജണ്ട അംഗീകരിക്കാന്‍ സുരേഷ് വാര്യര്‍ വിസമ്മതിച്ചു.
നഗരപ്രദേശത്തെ വികസനത്തില്‍ അവഗണിക്കുന്നതിനാലാണ് താന്‍ അജണ്ടയെ എതിര്‍ക്കുന്നതെന്ന് നിലപാടിലായിരുന്നു സുരേഷ് വാര്യര്‍. ഒടുവില്‍ ഗതികെട്ട ഭരണപക്ഷത്തിന് അജണ്ട മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിക്കേണ്ടിവന്നു. മൂന്ന് മാസം മുമ്പ് വരെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ജനതാദള്‍ എസ് നേതാവായ സുരേഷ് വാര്യര്‍ കൗണ്‍സിലില്‍ നാണം കെടുത്തിയത് ഭരണപക്ഷത്തിന് ആഘാതമായി.
ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന എല്‍ഡിഎഫ് ഭരണത്തെ പിടിച്ചുയ്‌ലക്കുന്നതായി കൗണ്‍സിലിലെ സംഭവ വികാസങ്ങള്‍. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ. പി കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top