'ചം' ഇന്ന് കാന്‍ ചലച്ചിത്രമേളയില്‍ബട്ടിന്‍ഡ: ദലിത് അവകാശപ്പോരാട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം 'ചം' ഈ മാസം 25നു ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചാബി ചലച്ചിത്ര നിര്‍മാതാവ് രാജീവ് ശര്‍മയാണ് 35 മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചാബിലെ ദലിതരുടെ നിര്‍ഭാഗ്യകരമായ അവസ്ഥ തുറന്നുകാട്ടുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാജീവ് ശര്‍മ പറഞ്ഞു. ജീവിക്കാന്‍ വേണ്ടി ദലിതുകള്‍ ചത്ത മൃഗങ്ങളുടെ തൊലി ഉരിയുന്നതാണ് ചിത്രം കാണിക്കുന്നതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ആര്‍ഭാട ജീവിതത്തിനായി ദലിതുകളുടെ തൊലി ഉരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം കാനഡയില്‍ നടന്ന ദക്ഷിണേഷ്യന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ഇന്ത്യന്‍ നാടകവേദിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ രാജീവ് ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ലാറ്റിനമേരിക്കന്‍ ചിത്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. അദ്ദേഹത്തിന്റെ 2013 ല്‍ പുറത്തിറങ്ങിയ 'നബര്‍' എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

RELATED STORIES

Share it
Top