ഗൗരി വധക്കേസ് പ്രതി സിബിഐ കസ്റ്റഡിയില്‍

മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതി അമോല്‍ കാലിയെ പ്രമുഖ യുക്തിവാദി നേതാവ് നരേന്ദ്ര ധബോല്‍ക്കെറ കൊലപ്പെടുത്തിയ കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്തു. ബംഗളൂരു ജയിലിലായിരുന്ന ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനാണ് സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയിലാണ് ഗൗരി ലങ്കേഷ് വധക്കേസില്‍ അമോല്‍ കാലിയെ കര്‍ണാടക പോലിസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ധബോല്‍ക്കെറ വധിച്ച കേസില്‍ മുഖ്യ ആസൂത്രകനാണ് ഇയാളെന്ന് സിബിഐ അധികൃതര്‍ അറിയിച്ചു.
ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് ചെയ്തു ചോദ്യംചെയ്തപ്പോഴാണ് ധബോല്‍ക്കര്‍ വധക്കേസില്‍ ഇയാളുടെ പങ്ക് വ്യക്തമായത്. അമോല്‍ കാലിയും കേസിലെ മുഖ്യപ്രതിയായ സച്ചിന്‍ പ്രകാശ്‌റാവു ആന്ദുറെയും ഔറംഗബാദില്‍ കൂടിക്കാഴ്ച നടത്തുകയും സമീപത്തെ ലോഡ്ജില്‍ താമസിക്കുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് സച്ചിന് അമോല്‍ കാലി തോക്ക് കൈമാറിയതെന്നു സിബിഐ അധികൃതര്‍ അറിയിച്ചു.
ഈ തോക്ക് പിന്നീട് സച്ചിന്‍ ആന്ദുറെയുടെ ബന്ധുവിന്റെ സുഹൃത്തിന്റെ വീട്ടില്‍ സിബിഐയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിരുന്നു.
ധബോല്‍ക്കറിന്റെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണെന്നും ഇരുവരെയും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചത് ഒരേ തോക്കാണെന്നും സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. 2013 ആഗസ്ത് 20നാണു പ്രഭാതസവാരിക്കിടെ പൂനെയില്‍ ധബോല്‍ക്കര്‍ വെടിയേറ്റു മരിച്ചത്.

RELATED STORIES

Share it
Top