ഗൗരി ലങ്കേഷ് വധം: വിരമിച്ച സൈനികന്റേതുള്‍പ്പെടെ പങ്ക് അന്വേഷിക്കുന്നു

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയില്‍പ്പെട്ട നാല് മുതിര്‍ന്ന നേതാക്കളുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടങ്ങി. സേനയില്‍ നിന്ന് വിരമിച്ച കേണല്‍ റാങ്കിലുള്ള ഒരുദ്യോഗസ്ഥനും ഇതില്‍ പെടും.
ഇവര്‍ക്കെതിരേ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. ഈ സംഘമാണ് ഗൗരിയെ ഇല്ലാതാക്കാന്‍ അമോല്‍ കലേക്ക് നിര്‍ദേശം നല്‍കിയതെന്നാണ് പോലിസ് സംശയിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെയുള്ള ഗൗരിയുടെ നിലപാടുകളാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്കെത്തിച്ചത്.
കൊലപാതകത്തില്‍ മുതി ര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് സംശയിക്കുന്നതായി അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപോര്‍ട്ട് ചെയ്തത്. നാല്‌പേരും ഒരു വലതുപക്ഷ സംഘടനയിലെ സുപ്രധാന സ്ഥാനത്തുള്ളവരാണ്.
കേസില്‍ ഇനിയും പിടികിട്ടാത്ത മൂന്നുപേരെ ഒളിവില്‍ കഴിയാന്‍ സാമ്പത്തികമായും മറ്റും സഹായിക്കുന്നത് ഈ സംഘടനയാണെന്ന് വിവരങ്ങള്‍ ലഭിച്ചതായി പോലിസ് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തവര്‍ ഈ സംഘമാണെന്നാണ് പോലിസ് സംശയിക്കുന്നത്. അമോല്‍ കലേക്ക് ഗൗരിയെ കൊല്ലാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതുമുതല്‍ മാസം ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുന്നുണ്ട്. കൃത്യം ഏറ്റെടുത്ത 2017 ജനുവരി മുതല്‍ ഈ പണം ഇയാള്‍ പറ്റുന്നുണ്ട്.

RELATED STORIES

Share it
Top