ഗൗരി ലങ്കേഷ് ചരമവാര്‍ഷികം; വ്യത്യസ്ത രീതിയില്‍ ആചരിക്കാന്‍ ഒരുങ്ങി അനുഭാവികളും എതിരാളികളും

ബംഗളൂരു: ഹിന്ദുത്വര്‍ വെടിവച്ച് കൊന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ചരമവാര്‍ഷികം വ്യത്യസ്ത തരത്തില്‍ ആചരിക്കാന്‍ ഒരുങ്ങി അവരുടെ അനുഭാവികളും എതിരാളികളും. കഴിഞ്ഞവര്‍ഷം സപ്തംബര്‍ അഞ്ചിനാണ് കന്നടയിലെ ഇതിഹാസ ചിന്തകന്‍ പി ലങ്കേഷിന്റെ 55കാരിയായ മകള്‍ വെടിയേറ്റു മരിച്ചത്. പിതാവിനെ പോലെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരേ ശക്തമായ മാധ്യമ പോരാട്ടമാണ് ഗൗരിയും നടത്തിവന്നിരുന്നത്. കേസില്‍ നിരവധി പേരെ ഇതിനകം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുമായി ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്.
അതിനിടെ, സനാതന്‍ സന്‍സ്ഥയുമായി അടുത്ത ബന്ധമുള്ള ഹിന്ദു ജനജാഗ്രതി സമിതി അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ബംഗളൂരുവില്‍ പ്രതിഷേധറാലി നടത്താനൊരുങ്ങുകയാണ്. ഇവര്‍ നിരപരാധികളാണെന്നാണ് സംഘടനയുടെ വാദം.
എന്നാല്‍, ഗൗരി ലങ്കേഷ് ബാല്‍ഗ ഈ മാസം അഞ്ചിന് ബംഗളൂരുവില്‍ ആവിഷ്‌കാരസ്വാതന്ത്ര്യ കണ്‍വന്‍ഷന്‍ നടത്തും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെയുള്ള റാലിയില്‍ രാജ്യത്തുടനീളമുള്ള ആക്റ്റിവിസ്റ്റുകളും എഴുത്തുകാരും നേതാക്കളും പങ്കാളികളാവും. രാജ്ഭവനിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ ആക്റ്റിവിസ്റ്റുകളും എഴുത്തുകാരും അണിനിരക്കും. സ്വാമി അഗ്നിവേഷ് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top