ഗൗരി ലങ്കേഷ്: കൊലയാളികള്‍ ലക്ഷ്യമിട്ടത് 34 പേരെ

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികള്‍ കൂടി പിടിയിലായതോടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊലപാതകികള്‍ വധിക്കാന്‍ ലക്ഷ്യമിട്ട 34 പേരില്‍ രണ്ടാമത്തെയാളാണു ഗൗരി ലങ്കേഷെന്നാണു പുതിയ വിവരം. തീവ്രഹിന്ദുത്വവാദികളായ പ്രതികള്‍ തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റില്‍ ആദ്യത്തെ വ്യക്തി ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഗിരീഷ് കര്‍ണാട്് ആണ്.
ഇതോടെ ഇദ്ദേഹത്തിനു ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പിടികൂടിയ പ്രതികളുമായി അടുപ്പമുള്ള തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഡയറിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഗുജറാത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിഡുമാമിഡി സീര്‍, ചന്ദ്രശേഖര്‍ പട്ടീല്‍, ബാനജാഗറെ, ജയപ്രകാശ് തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു.
ഇവര്‍ക്കെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഡയറിയില്‍ എഴുതിയിരുന്ന പേരുകളില്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു കൂടുതല്‍.
അസം, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ പേരുമുണ്ട്. ഇവരെല്ലാം തീവ്രഹിന്ദുത്വത്തെ എതിര്‍ത്തവരാണ്. ഇതോടെ അതീവ ജാഗ്രത നിര്‍ദേശമാണു സുരക്ഷാ ഏജന്‍സികള്‍ അതതു സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top