ഗൗരി ലങ്കേഷ്: അഞ്ച് പ്രതികള്‍ക്കെതിരേ കുറ്റപത്രം; ഭഗവാനെ വധിക്കാന്‍ ഗൂഢാലോചന

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ ഏഴു പ്രതികളില്‍ അഞ്ചുപേര്‍ക്കെതിരേ പുരോഗമനചിന്തകനും യുക്തിവാദിയും എഴുത്തുകാരനുമായ പ്രഫ. കെ എസ് ഭഗവാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അമോള്‍ കാലി (39), അമിത് ദെഗ്‌വെക്കര്‍ (39), മനോഹര്‍ എഡവി (28), കെ ടി നവീന്‍കുമാര്‍ (37), സുജിത് കുമാര്‍ എന്ന പ്രവീണ്‍ (37) എന്നിവര്‍ക്കെതിരേയാണ് ഫസ്റ്റ് എസിഎംഎം കോടതിക്ക് മുമ്പാകെ ഉപ്പാര്‍പെട്ട് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ ഭഗവാനെ വധിക്കുന്നതിന് കര്‍ണാടകയിലും മഹാരാഷ്ട്രയിലും യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഇതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ചെന്നും 700ലധികം പേജ് വരുന്ന കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദൗത്യത്തിനായി ബെലേഗവയില്‍നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ച സംഘം ദേവന്‍ഗിരിയില്‍ പ്രതികളിലൊരാളുടെ ബന്ധുവിന്റെ വീടില്‍ ഒളിച്ചുതാമസിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലിസ് വ്യക്തമാക്കി. അതേസമയം, ആയുധമോ വെടിയുണ്ടയോ കണ്ടെത്താനായിട്ടില്ല.
അതേസമയം, ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്ന് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ ബംഗളൂരുവില്‍ എത്തിച്ചിട്ടുണ്ട്. അമിത് രാമചന്ദ്രന്‍, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ആഗസ്ത് 6 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.

RELATED STORIES

Share it
Top