ഗൗരി ലങ്കേഷിനെ കൊന്നത് 13000 രൂപയ്ക്ക്

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊല്ലാന്‍ നല്‍കിയത് 13000 രൂപയെന്നു കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അമോല്‍ കലേയുടെ ഡയറിയില്‍ രേഖപ്പെടുത്തിയതായി അന്വേഷണസംഘം. കൊല നടത്തിയ പരശുറാം വാഗ്മറെയ്ക്ക് ദൗത്യം ഏല്‍പിച്ചപ്പോള്‍ ഭക്ഷണത്തിനും യാത്രാചെലവിനുമായി 3000 രൂപയും കൃത്യം നടത്തിയതിനു ശേഷം 10000 രൂപയും കൊടുത്തതായാണ് വെളിപ്പെടുത്തല്‍.ഗൗരി ലങ്കേഷിനു പുറമെ 36ഓളം സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ രേഖകളും പിടിച്ചെടുത്ത ഡയറിയിലുണ്ട്. ഇതില്‍ സാമൂഹികപ്രവര്‍ത്തകരായി സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. രഹസ്യഭാഷയില്‍ എഴുതിയ ഡയറിയില്‍ വെടിവയ്ക്കാന്‍ പരിശീലനം ലഭിച്ച 50 ആളുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വിജയപുര നിവാസിയായ പരശുറാം 2012ല്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇയാള്‍ക്ക് പണം നല്‍കിയത് അമോല്‍ കലേയും സംഘവുമാണ്.

RELATED STORIES

Share it
Top