ഗൗരി നേഹയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം, സര്‍ക്കാരിന്റെ അഭിപ്രായം തേടി

കൊല്ലം:ഗൗരി നേഹയുടെ മരണത്തില്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടി. ആഭ്യന്തരസെക്രട്ടറി രണ്ടാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം പറയണം.
കേസ് മാര്‍ച്ച് അഞ്ചിന് കൊല്ലത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. കൊല്ലം ട്രിനിറ്റി ലെസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി കഴിഞ്ഞ ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. ഗുരുതരമായ പരുക്കേറ്റ് ഗൗരി രണ്ട് ദിവസത്തിന് ശേഷം മരിക്കുകകയായിരുന്നു. അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന ആരോപണം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് കേസ് അന്വേഷണസംഘം ആരോപണവിധേയരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നിവരെ  പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി—ക്ക് ശേഷം തിരികെയെത്തിയ ഇരുവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. കേക്ക് മുറിച്ചായിരുന്നു അധ്യാപികമാരുടെ തിരിച്ചുവരവ് മാനേജ്‌മെന്റ് ആഘോഷിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കി അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ഗൗരിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. കൂടാതെ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പടെയുള്ളവ കടുത്ത പ്രതിഷേധവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യവുമായി മാതാപിതാക്കള്‍ രംഗത്തുവരുകയും മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് അഭിപ്രായം തേടുകയും ചെയ്തത്.

RELATED STORIES

Share it
Top