ഗൗരിയുടെ മരണം: അധ്യാപികമാര്‍ക്ക് മാനേജ്‌മെന്റിന്റെ കൈവിട്ട സഹായം

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ സഹായം.  കേസില്‍ കുറ്റക്കാരായ അധ്യാപികമാരെ തിരിച്ചെടുത്തതിനു പുറമേ സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. അധ്യാപികമാര്‍ സസ്‌പെന്‍ഷനിലാണെന്നായിരുന്നു മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചത്. അധ്യാപികമാര്‍ തിരിച്ചെത്തിയത് കേക്ക് മുറിച്ച് ആഘോഷിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് കൊല്ലം വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെ വിശദീകരണം തേടിയിരുന്നു. അധ്യാപികമാരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചതിനു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ വിശദീകരണം, ഗൗരി നേഹയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്നുവച്ചെന്നായിരുന്നു. കൂടാതെ സസ്‌പെന്‍ഷന്‍ പിടിഎ കമ്മിറ്റിയോട് ആലോചിക്കാതെ മാനേജ്‌മെന്റ് ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നും പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നുകാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും സ്‌കൂളിന് നോട്ടീസ് നല്‍കി. സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി കണക്കാക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിലും വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് ഇന്നുതന്നെ മറുപടി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഗൗരി നേഹയുടെ ആത്മഹത്യാ കേസില്‍ അധ്യാപികമാരായ സിന്ധു പോള്‍, നാന്‍സ് ക്രസന്‍സ് എന്നിവരെ പോലിസ് പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സസ്‌പെന്റ് ചെയ്തത്.  ഇവരെ ജോലിയില്‍ തിരിച്ചെടുത്തതുസംബന്ധിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ എ ശ്രീനിവാസ്  മാനേജ്‌മെന്റിനോടും പ്രിന്‍സിപ്പലിനോടും വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ഇന്നലെത്തന്നെ ഇരുവര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ബന്ധിത അവധി നല്‍കി. കേസില്‍ കുറ്റപത്രം അടുത്ത ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ശ്രീനിവാസ് അറിയിച്ചു.

RELATED STORIES

Share it
Top