ഗൗരവ വിഷയങ്ങളില്‍ ഉടക്കി ജി- 7 ഉച്ചകോടി

റോം: ലോകത്തെ പ്രധാന സാമ്പത്തികശക്തികളുടെ സംഗമമായ ജി-7 ഉച്ചകോടി കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ അതീവ ഗൗരവതരമായ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു വേദിയായി. വിദേശ സന്ദര്‍ശനാര്‍ഥം ഇറ്റലിയിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ ഉച്ചകോടിയില്‍ പങ്കാളിയായി. യുഎസിനു പുറമെ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളാണു മറ്റ് അംഗങ്ങള്‍. യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെയും ആദ്യമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രത്യേകതയും സിസിലി ഉച്ചകോടിക്കുണ്ട്. എന്നാല്‍, നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിനു വ്യത്യസ്ത അഭിപ്രായമായിരുന്നു. അതേസമയം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം നല്‍കാത്ത നാറ്റോ അംഗങ്ങളെ കുറിച്ച് ഉച്ചകോടിയില്‍ ട്രംപ് പരാതിപ്പെട്ടതായും റിപോര്‍ട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും വ്യാപാര കരാറുകളും ഗൗരവതരമായി ചര്‍ച്ചചെയ്ത ഉച്ചകോടിയില്‍ 2015ലെ പാരിസ് കരാര്‍ തള്ളണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് ഉന്നയിച്ച വിഷയങ്ങളിലൊന്നായിരുന്നു പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം. ആഗോളവ്യാപാരത്തിനുള്ള സംരക്ഷണം പരിമിതപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. 22 പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഉച്ചകോടിയില്‍ സായുധപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ നടപടികളും ചര്‍ച്ചയായി. സായുധസംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയും ആവശ്യപ്പെട്ടു. ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ വിഷയം ജപ്പാന്‍ ഉയര്‍ത്തി.

RELATED STORIES

Share it
Top