ഗ്രൂപ്പ് സിയില്‍ കരുത്തോടെ ഫ്രാന്‍സ്വിഷ്്ണു സലി


റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിലെ അട്ടിമറി പ്രതീക്ഷകള്‍ ഏറെ കല്‍പ്പിക്കുന്ന ഗ്രൂപ്പാണ് സി. താരസമ്പന്നതയിലും കളിക്കരുത്തിലും മുമ്പന്‍മാരായ ഫ്രാന്‍സിനൊപ്പം ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക് എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ അണിനിരക്കുന്നത്. പ്രവചനങ്ങള്‍ ഫ്രാന്‍സ് അനായാസം ഗ്രൂപ്പ് ഘട്ടം കടന്നുവരുമെന്നാണെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് അടുത്തിടെയുള്ള പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. സന്തുലിതമായ ടീമുകളുടെ സംഗമമായ ഗ്രൂപ്പ് സിയില്‍നിന്ന് രണ്ടാം റൗണ്ടില്‍ കടക്കുന്ന രണ്ട് ടീമുകള്‍ ആരൊക്കെയെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.

ഫ്രാന്‍സ്

ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഫ്രാന്‍സ്. കാരണം അത്രമേല്‍ താരസമ്പന്നമായ നിരയാണ് ഇത്തവണ ഫ്രാന്‍സിനൊപ്പമുള്ളത്. 1998ല്‍ സ്വന്തം നാട്ടില്‍വച്ച് നടന്ന ലോകകപ്പില്‍ കിരീടം ചൂടിയ ഫ്രാന്‍സ് രണ്ടാം കിരീടം തേടിയാണ്  റഷ്യയിലിറങ്ങുന്നത്.1904ല്‍ ആദ്യ അന്താരാഷ്ട്ര മല്‍സരം കളിച്ച ഫ്രാന്‍സ് ഇത് 15ാം തവണയാണ് ഫുട്‌ബോള്‍ ലോകകപ്പില്‍ പന്ത് തട്ടാനിറങ്ങുന്നത്. 1930ല്‍ ആദ്യമായി ലോകകപ്പ് കളിച്ച ഫ്രാന്‍സ് അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തുപോയി. പിന്നീട് 1958 ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയ ഫ്രഞ്ച്പട 1982ല്‍ നാലാം സ്ഥാനവും നേടിയെടുത്തു. എന്നാല്‍ 1986ല്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഫ്രാന്‍സിന് അടുത്ത രണ്ട് ലോകകപ്പിലും യോഗ്യത സ്വന്തമാക്കാനായില്ല. പിന്നീട് 1998ല്‍ കിരീടം ചൂടി കരുത്തു കാട്ടിയ ഫ്രഞ്ച് ടീം 2006ല്‍ ഫൈനലില്‍ പൊരുതി വീണു. പിന്നീട് 2010ല്‍ ഗ്രൂപ്പ് ഘട്ടത്തിലും 2014ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഫ്രാന്‍സിന്റെ പോരാട്ടം അവസാനിച്ചു.
ദിദിയര്‍ ദെഷാപ്‌സ് എന്ന പരിശീലകന്റെ കീഴില്‍ ഇറങ്ങുന്ന ഫ്രഞ്ച് നിരയിലാണ് ക്ലബ് ഫുട്‌ബോളിനെ അടക്കി വാഴുന്ന മിക്ക താരങ്ങളുമുള്ളത്. വലകാക്കാന്‍  ഹ്യൂഗോ ലോറിസാവും ഫ്രഞ്ച് നിരയിലിറങ്ങുക. പ്രതിരോധത്തില്‍ കരുത്ത് പകരാന്‍ റാഫേല്‍ വരാനെ, സാമുവല്‍ ഉംറ്റിറ്റി, ലൂക്കാസ് ഡിഗ്‌നി എന്നിവരും ഫ്രഞ്ച് നിരയില്‍ കളിക്കും. മധ്യനിരയില്‍ പോള്‍ പോഗ്ബ, കോറന്റീനോ ടോളിസോ, എന്‍ഗോളോ കാന്റെ എന്നിവര്‍ ശക്തിപകരുമ്പോള്‍ ഫോര്‍വേര്‍ഡിലും ഫ്രാന്‍സ് അതിശക്തരാണ്.  അന്റോണിയോ ഗ്രിസ്മാന്‍,  ഒലിവര്‍ ജിറൗഡ്,  കൈലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബലെ, അന്തോണി മാര്‍ഷ്യല്‍ എന്നിവരാണ് ഫ്രാന്‍സിന്റെ പ്രധാന പടയാളികള്‍.

ആസ്‌ത്രേലിയ
ഫിഫ റാങ്കിങില്‍ 40ാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഹോണ്ടുറാസിനും സിറിയക്കും എതിരേ പ്ലേ ഓഫ് കളിച്ച് കഷ്ടിച്ചാണ് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. 1922ല്‍ ആദ്യ അന്താരാഷ്ട്ര മല്‍സരം കളിച്ച ആസ്‌ത്രേലിയ ഇത് അഞ്ചാം തവണയാണ് ലോകകപ്പില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നത്. ഹോളണ്ടുകാരന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക്കിന്റെ തന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട് റഷ്യയിലേക്കെത്തുന്ന ആസ്‌ത്രേലിയ ഗ്രൂപ്പ് ഘട്ടം അതിജീവിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രവചനം. നിലവിലെ ടീമില്‍ ആസ്‌ത്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ടിം കഹില്‍( 50 ഗോള്‍) മിലി ജെഡിനാക്ക് (18 ഗോള്‍) , ആരോണ്‍ മൂയെ (5 ഗോള്‍), മാര്‍ക്ക് മില്ലിഗന്‍ (6 ഗോള്‍)  എന്നിവരിലാണ് ആസ്‌ത്രേലിയയുടെ പ്രതീക്ഷകള്‍.

പെറു

ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിന്റെ പേടി സ്വപ്‌നമാണ് പെറു. കാരണം അട്ടിമറിക്കാന്‍ ഏറ്റവും കൂടുതല്‍  കെല്‍പുള്ള ടീമായിട്ടാണ് പെറുവിനെ വിശേഷിപ്പിക്കപ്പെടുന്നത്. ഫിഫ റാങ്കിങിലെ 11ാം സ്ഥാനക്കാരായ പെറു 1927ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് വരവറിയിച്ചത്. 1930ല്‍ ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച പെറു ഇത് നാലാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. റഷ്യയിലേക്ക് ഏറ്റവും ഒടുവില്‍ യോഗ്യത നേടിയ ടീമാണ് പെറു. നിര്‍ണായക പ്ലേ ഓഫില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തായിരുന്നു പെറു റഷ്യന്‍ ലോകകപ്പിന് സീറ്റുറപ്പിച്ചത്. റിക്കാര്‍ഡോ ഗറീക്കയുടെ ശിക്ഷണത്തിന് കീഴില്‍ ഇറങ്ങുന്ന പെറുവിന് തന്നെയാണ് ഫ്രാന്‍സിനൊപ്പം ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം റൗണ്ടിലേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. പരിചയസമ്പന്നനായ ജെഫേഴ്‌സണ്‍ ഫര്‍ഫാനും ക്രിസ്റ്റിയന്‍ ക്യുയേവയ്ക്കുമൊപ്പം യുവതാരങ്ങളായ യോര്‍ടീ റെയ്‌നയും  റെനോറ്റോ തപ്യയുമെല്ലാം ചേര്‍ന്ന് പെറുവിന് അഭിമാന നേട്ടം സമ്മാനിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

ഡെന്‍മാര്‍ക്ക്
ഫിഫ റാങ്കിങിലെ 12ാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കും അട്ടിമറിക്കാന്‍ കെല്‍പുള്ള നിരയാണ്. അഞ്ചാം തവണ ലോകകപ്പില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങുന്ന ഡെന്‍മാര്‍ക്ക് 1998ലെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും കളിച്ചിട്ടുണ്ട്. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിന് കടുത്തവെല്ലുവിളി ഉയര്‍ത്താന്‍ ഡെന്‍മാര്‍ക്കിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ കളിശൈലികൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ഡെന്‍മാര്‍ക്കിന്റെ വജ്രായുധം ക്രിസ്റ്റ്യന്‍ എറിക്‌സണിലാണ്. യൂറോപ്പില്‍ നിന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഡെന്‍മാര്‍ക്ക് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മല്‍സരങ്ങളിലെ ഡെന്‍മാര്‍ക്കിന്റെ പ്രകടനം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. പാനമയെ എതിരില്ലാത്ത ഒരു ഗോളിനും ചിലിയെ ഗോള്‍ രഹിത സമനിലയിലും ഡെന്‍മാര്‍ക്ക് തളച്ചിരുന്നു.

RELATED STORIES

Share it
Top