ഗ്രൂപ്പ് പോര് അവസാനിപ്പിച്ചില്ലെങ്കില്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് യൂത്ത് ലീഗ് നേതാവ്

എടപ്പാള്‍: ഗ്രാമപ്പഞ്ചായത്തിലെ മുസ്്‌ലിംലീഗിനുള്ളില്‍ കാലങ്ങളായി തുടരുന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് യൂത്ത് ലീഗ് നേതാവ്. പഞ്ചായത്തിലെ എട്ടാംവാര്‍ഡ് അംഗവും യൂത്ത് ലീഗ് നേതാവുമായ വി കെ എ മജീദാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരേ രാജിഭീഷണിയുമായി രംഗത്തുവന്നിട്ടുള്ളത്. മാസങ്ങളായി പഞ്ചായത്ത് മുസ്്‌ലിംലീഗ് നേതാക്കള്‍ രണ്ട് ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചുവരുന്നത്.
സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിക്കാതെ നേതൃത്വം രണ്ടായി പിരിഞ്ഞു പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കയാണ്. മുസ്്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങള്‍ പഞ്ചായത്തില്‍ ചേരിതിരിഞ്ഞാണ് നടത്തിയത്. ഇരുചേരികളും നടത്തിയ വാര്‍ഷികാഘോഷങ്ങള്‍ പരാജയപ്പെടുത്താന്‍ മറുചേരിയിലുള്ളവര്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
അതിനിടെ യൂത്ത് ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് ദാനച്ചടങ്ങള്‍ പൊളിക്കാന്‍ ഒരുവിഭാഗം കഠിനശ്രമം നടത്തുകയും അവാര്‍ഡ് ദാനത്തിന് ചുമതലപ്പെടുത്തിയ മുന്‍ എംപി അബ്ദുസമദ് സമദാനിയെ മുടക്കാനും വരെ ശ്രമം നടന്നിരുന്നു. ലോകസഭാതിരഞ്ഞെടുപ്പ് അടുത്തെത്താറായ സമയത്തുപോലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ നേതൃത്വം ഇടപെടുന്നില്ലെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ വ്യാപകമായിരിക്കുകയാണ്.
അതിനിടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃത്വം ഒരാഴ്ച്‌ത്തെ സമയം നേടിയിട്ടുണ്ടെന്നാണറിയുന്നത്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാനായില്ലെങ്കില്‍ പഞ്ചായത്തില്‍ നിലവിലുള്ള പാര്‍ട്ടി കമ്മിറ്റികള്‍ക്ക് സമാന്തരമായി പുതിയ കമ്മിറ്റികള്‍ രൂപീകരിച്ച് മുന്നോട്ടുപോകാനാണ് യുവജന വിഭാഗത്തിന്റെ തീരുമാനം.നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് എട്ടാംവാര്‍ഡ് അംഗം വി കെ എ മജീദ് പറഞ്ഞു.
നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാര്‍ട്ടി അനുഭാവികളേയും പ്രവര്‍ത്തകരേയും ബലിയാടാക്കുന്ന പഞ്ചായത്ത് നേതൃത്വം മേഖലയിലെ പാര്‍ട്ടിയെ നശിപ്പിച്ചിരിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിന് അയച്ച പരാതികളില്‍ ഒത്തുതീര്‍പ്പാക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും യുവജന വിഭാഗം ആരോപിക്കുന്നു.

RELATED STORIES

Share it
Top