ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളത്തിന്റെ ചുണക്കുട്ടികള്‍ സെമിയിലേക്ക്‌കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം സെമിയില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് മുക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ സെമി പ്രവേശനം ഗംഭീരമാക്കിയത്. തുല്യശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തെങ്കിലും 89ാം മിനിറ്റില്‍ കെ പി രാഹുലിന്റെ ഗോളിലൂടെ കേരളം വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മല്‍സരങ്ങളും വിജയിച്ചാണ് കേരളം ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാരായത്. എതിര്‍ ഗോള്‍പോസ്റ്റില്‍ 15 ഗോളുകള്‍ അടിച്ചുകയറ്റിയ കേരളം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ എതിരാളികളുടെ വലനിറച്ചാഘോഷിച്ച കേരളനിരയെ ബംഗാള്‍ നിര നന്നായി വിറപ്പിച്ച ശേഷമാണ് പരാജയം സമ്മതിച്ചത്. ആദ്യ പകുതിയില്‍ ഇരു കൂട്ടരും മികച്ച പല മുന്നേറ്റങ്ങളും  നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. 17ാം മിനിറ്റില്‍ കേരള താരം വിബിന്‍ തോമസിന്റെയും 28ാം മിനിറ്റില്‍ അണ്ടര്‍ 21 താരം അനുരാഗിന്റെയും മികച്ച മുന്നേറ്റം നേരിയ വ്യത്യാസത്തിലാണ് ഗോളാകാതെ പോയത്. കളിക്കരുത്തേറെയുള്ള ബംഗാള്‍നിര ലഭിച്ച അവസരങ്ങളിലെല്ലാം കേരളഗോള്‍മുഖം വിറപ്പിച്ചു. 33ാം മിനിറ്റില്‍ ബംഗാളിന്റെ മുന്നേറ്റം നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാവാതെ പോയത്. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ പന്തടക്കത്തിലും ഗോള്‍ശ്രമങ്ങളിലുമെല്ലാം കേരളത്തിനേക്കാള്‍ മുന്നില്‍ ബംഗാളായിരുന്നു.
രണ്ടാം പകുതിയിലും ബംഗാള്‍ നിരയുടെ മുന്നേറ്റങ്ങള്‍തന്നെയാണ് കളത്തില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ കേരളത്തിന്റെ പ്രതിരോധനിരയും ഗോള്‍ കീപ്പറും കരുത്തുകാട്ടിയതോടെ ബംഗാളിന്റെ ശ്രമങ്ങളെല്ലാം പാതി വഴിയില്‍ അവസാനിച്ചു. 78ാം മിനിറ്റില്‍ ശ്രീക്കുട്ടനും തൊട്ടടുത്ത മിനിറ്റില്‍ അഫ്ദാലും കേരളത്തിനുവേണ്ടി പന്തുമായി കുതിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അവസാന മിനിറ്റുകള്‍ ബംഗാള്‍ ഗോള്‍മുഖത്തേക്ക് കടന്നാക്രമിച്ച കേരളം 89ാം മിനിറ്റില്‍ അക്കൗണ് തുറന്നു. ഇടതുവിങില്‍ നിന്ന് ജിതിന്‍ നല്‍കിയ പാസിനെ പിടിച്ചെടുത്ത് രാഹുല്‍ തൊടുത്ത ഷോട്ട് ബംഗാള്‍ പ്രതിരോധത്തെ കീറിമുറിച്ച് ഗോള്‍വലയില്‍ പതിക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയം കേരളത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ കേരളത്തിന്റെ സമ്പാദ്യം നാല് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റാണ്. രണ്ടാം സ്ഥാനത്തുള്ള ബംഗാളിന് ഒമ്പത് പോയിന്റുമാണുള്ളത്. 30ാം തീയ്യതി നടക്കുന്ന സെമിയില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാവും കേരളത്തിന്റെ എതിരാളികളാവുക. ചണ്ഡിഗഡിനെ 5 - 1 നും മണിപ്പൂരിനെ 6-0നും മഹാരാഷ്ട്രയെ എതിരില്ലാത്ത 3-0 നുമാണ് കേരളം ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയത്.

RELATED STORIES

Share it
Top