ഗ്രൂപ്പിന്റെ മറവില്‍ സ്ഥാനമാനങ്ങള്‍ നേടിയവരെ ഉന്നമിട്ട് മുല്ലപ്പള്ളി

തിരുവനന്തപുരം/ആലപ്പുഴ: ഗ്രൂപ്പിന്റെ മറവില്‍ സ്ഥാനമാനങ്ങള്‍ നേടിയവരെ ലക്ഷ്യമിട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി യോഗങ്ങളിലോ സമരപരിപാടികളിലോ പങ്കെടുക്കാതെ പദവികള്‍ വെറും അലങ്കാരത്തിനായി കൊണ്ടുനടക്കുന്നവരുടെ പട്ടിക നല്‍കാന്‍ ഡിസിസി പ്രസിഡന്റുമാരോട് കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു.
ബ്ലോക്ക്, മണ്ഡലം, ഡിസിസി തലങ്ങളിലുള്ള ഇത്തരക്കാരുടെ ലിസ്റ്റ് എത്രയും വേഗം നല്‍കാനാണ് ഡിസിസി പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ ഗ്രൂപ്പ് നോക്കാതെ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കും. ഗ്രൂപ്പ് സമ്മര്‍ദം ശക്തമാവുമെന്നതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമ്പൂര്‍ണ പുനസ്സംഘടന എളുപ്പമാവില്ല. അതുകൊണ്ടുതന്നെയാണ് പ്രവര്‍ത്തിക്കാത്തവരെ സ്വയം കണ്ടെത്തി ഒഴിവാക്കുന്നത്. മനപ്പൂര്‍വം പേരുവെട്ടിയെന്ന പേരുദോഷവും ഒഴിവാകും. പ്രസിഡന്റ് പങ്കെടുക്കുന്ന ജില്ലാ നേതൃയോഗങ്ങളില്‍ വരാത്തവര്‍ക്കെതിരേയും നടപടി തുടങ്ങി. കാസര്‍കോട് രണ്ട് മണ്ഡലം പ്രസിഡന്റുമാരോട് വിശദീകരണം തേടിയിട്ടുണ്ട്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നാവായിക്കുളം വാര്‍ഡില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത് പോയതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കും. ഡിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചതിന് പുറമെ കെപിസിസി നേരിട്ട് അന്വേഷിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ ജില്ലാ പര്യടനങ്ങള്‍ അവസാനിച്ചാല്‍ കൂടുതല്‍ ശുദ്ധീകരണ നടപടികള്‍ ഉണ്ടാവുമെന്നാണു സൂചന.
ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും റഫേല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചെന്ന് കരുതി കള്ളന്‍ കള്ളനല്ലാതാവുന്നില്ല. ഇക്കാര്യത്തില്‍ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. ഇതിനായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിനിറങ്ങും. ബ്രൂവറി അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിപക്ഷ നേതാവിന് എല്ലാവിധ പിന്തുണയും കൊടുക്കും. അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുകയാണ്. പിണറായിയെപ്പോലെ ഭീരുവായ ഒരാളില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. അയോധ്യയെ യുദ്ധക്കളമാക്കിയതുപോലെ ശബരിമലയെ യുദ്ധക്കളമാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രവര്‍ത്തനരംഗത്ത് സജീവമല്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയരന്നു. പാര്‍ട്ടിക്ക് ഇനിമുതല്‍ അധികാര ദല്ലാളുകള്‍ ആവശ്യമില്ലെന്നും പ്രവര്‍ത്തിക്കാത്തവര്‍ പുറത്തുപോവേണ്ടിവരുമെന്നും മുല്ലപ്പള്ളി ശനിയാഴ്ച തിരുവനന്തപുരം ഡിസിസിയില്‍ നടന്ന യോഗത്തില്‍ തുറന്നടിച്ചു.
ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ചു പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്ത യുവ എംഎല്‍എമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. എഐസിസി നിര്‍ദേശപ്രകാരമാണ് നടപടി. നോട്ടീസ് ലഭിച്ച ശബരീനാഥ് എംഎല്‍എയെ വേദിയിലിരുത്തിയായിരുന്നു മുല്ലപ്പള്ളിയുടെ മുന്നറിയിപ്പുകള്‍. രണ്ടു പതിറ്റാണ്ടായി വിജയിച്ചുവരുന്ന നാവായിക്കുളം പഞ്ചായത്ത് വാര്‍ഡ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടി. നിരവധി ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരെല്ലാം മറ്റെവിടെയോ നിശ്ശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top