ഗ്രാമീണമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു

പെരിങ്ങോട്ടുകുര്‍ശ്ശി: ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ കുടിവെള്ളത്തിനായി സ്ഥാപിച്ച ജലനിധി പദ്ധതികള്‍ കടുത്ത വേനലിലും ഉപയോഗശൂന്യം. ഗ്രാമീണ മേഖലകളില്‍ കുടിവെള്ളം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതികളാണ് തുള്ളിവെള്ളം പോലും നല്‍കാനാവാതെ മുടങ്ങിക്കിടക്കുന്നത്.
ഓരോ മേഖലകളിലുമുള്ള തടയണകള്‍ക്കു കീഴില്‍ പമ്പ് ഹൗസുകള്‍ നിര്‍മിച്ച് വാട്ടര്‍ ടാങ്കുകളില്‍ ശേഖരിക്കുന്ന വെള്ളം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട പദ്ധതി പലയിടത്തും ഉപയോഗപ്പെടുന്നില്ല. ചിലയിടങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണ്.
ജലനിധി കണക്ഷനെടുത്തവര്‍ക്ക് വെള്ളം കൃത്യമായ നല്‍കുന്നില്ലെങ്കിലും അധികൃതര്‍ കൃത്യമായി ബില്‍ അയക്കുന്നുണ്ട്. ജലനിധിയുടെ ഭാഗമായി വാര്‍ഡ് തോറും സമിതി രൂപീകരിച്ച് ഉപഭോക്താക്കളില്‍ നിന്നും ഗുണഭോക്തൃ വിഹിതം ഈടാക്കിയാണ് വെള്ളം നല്‍കുന്നത്.
ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയെ ഒഴിവാക്കി പഞ്ചായത്ത് സ്‌കീം ലെവല്‍ കമ്മിറ്റിയെയാണ് പഞ്ചായത്തും ജലനിധി കരാറുകാരും കൂടി ജലവിതരണത്തിന്റെ ചുമതലയേല്‍പ്പിക്കുന്നത്. തുടക്കത്തില്‍ കൊട്ടിഘോഷിച്ചിരുന്ന പദ്ധതികള്‍ വര്‍ഷം കഴിയുന്നതോടെ അവതാളത്തിലാവുകയാണ് മിക്കയിടത്തും.
കൃത്യമായ മീറ്റര്‍ റീഡിങ് നടത്തുന്നതിനാല്‍ പലര്‍ക്കും പലവിധ ബില്ലുകളാണ് അധികൃതര്‍ അടക്കാുന്നത്. മാത്രമല്ല ഉയര്‍ന്ന പ്രദേശങ്ങളില്‍ താമിസിക്കുന്നവര്‍ക്ക് കണക്ഷനെടുത്തിട്ടും വെള്ളം കിട്ടാക്കനിയാവുകയാണ്. ചില സമയങ്ങളില്‍ പൈപ്പിലൂടെ വരുന്ന വെള്ളത്തിന് നിറത്തിന് വ്യത്യാസമുള്ളതായും പറയപ്പെടുന്നുണ്ട്. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇപ്പോഴും കോടികള്‍ മുടക്കിയ ജലനിധി പദ്ധതികള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

RELATED STORIES

Share it
Top