ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി: കൊടുമണ്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തു

അടൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ജില്ലയില്‍ നിന്നും കൊടുമണ്‍ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. വിവിധ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, ഗ്രാമങ്ങളുടെ   ശാക്തീകരണത്തിനായി നടപ്പാക്കുന്ന ഉജ്വല, ഉജാല, എല്‍ഇഡി ബള്‍ബ് വിതരണം തുടങ്ങി വിവിധ പദ്ധതികളാണ് ഗ്രാമസ്വരാജ് അഭിയാനില്‍ ഉള്‍പ്പെടുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ജ്യോതിബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാബീമാ യോജന തുടങ്ങിയ സ്‌കീമുകളിലേക്കുള്ള അക്കൗണ്ടുകള്‍ തുറക്കുന്നതിനും ആധാര്‍ എന്റോള്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുമായി കൊടുമണ്‍ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ക്യാംപ് നടക്കും. പഞ്ചായത്തിലെ എല്ലാ ബാങ്കുകളും മേളയില്‍ പങ്കെടുക്കും.
ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് തുറക്കുന്നത്. സൗജന്യ എടിഎം കാര്‍ഡ്, 5000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം എന്നിവയും ഈ അക്കൗണ്ടുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.  ഒന്നു മുതല്‍ ഒമ്പത് വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് രാവിലെ 10 മുതല്‍ ഒന്ന് വരെയും 10 മുതല്‍ 18 വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് എന്റോള്‍മെന്റ് സമയം.  ക്യാംപ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി വിജയകുമാര്‍ അറിയിച്ചു.

RELATED STORIES

Share it
Top