ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎം അവിശ്വാസ പ്രമേയം

എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി സുബ്രഹ്്മണ്യനെതിരെ സിപിഎം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.
പഞ്ചായത്തിലെ സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെ പത്ത് അംഗങ്ങള്‍ ഒപ്പിട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒന്‍പത് പേരുടെ പിന്തുണയോടെയാണ് സുബ്രഹ്്മണ്യന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം സുബ്രഹ്മണ്യനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നതാണ്. ആ നോട്ടീസ് ചര്‍ച്ചക്കെടുത്ത ദിവസമായിരുന്നു യുഡിഎഫ് അംഗം നാസര്‍ കൂരട പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജിവച്ചത്.
ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് യുഡിഎഫ് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും പ്രമേയം ചര്‍ച്ചക്കെടുക്കാതെ മാറ്റി വെക്കുകയുമായിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ വീണ്ടും സിപിഎം പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
രാജിവെച്ച അംഗം പിന്നീട് എല്‍ഡിഎഫിനൊപ്പം നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് സിപിഎമ്മിന് 10 അംഗങ്ങളായത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ സ്വതന്ത്രനായി മല്‍സരിച്ച് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്നുമായിരുന്നു സുബ്രഹ്മണ്യന്‍ വിജയിച്ചത്.
ഇരു മുന്നണികള്‍ക്കും ഒന്‍പത് വീതം സീറ്റുകള്‍ നേടിയ പഞ്ചായത്തില്‍ സുബ്രഹ്്മണ്യന് പ്രസിഡന്റ് സ്ഥാനം നല്‍കി യുഡിഎഫ് പഞ്ചായത്ത് ഭരണം കയ്യാളുകയായിരുന്നു.

RELATED STORIES

Share it
Top