ഗ്രാമപ്പഞ്ചായത്തിനെതിരേ വ്യാപാരികള്‍; പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തും

കല്‍പ്പറ്റ: അമ്പലവയലില്‍ പഞ്ചായത്തും വ്യാപാരികളുമായുള്ള ബന്ധം ഉലയുന്നു. ഡി ആന്റ് ഒ ലൈസന്‍സ് പുതുക്കല്‍, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാര്‍ഷിക വാടക വര്‍ധന, ജീവനക്കാരുടെ പെരുമാറ്റരീതി എന്നിവയെച്ചൊല്ലിയാണ് പഞ്ചായത്തുമായി വ്യാപാരികള്‍ ഉരസുന്നത്. കച്ചവടക്കാരോടുള്ള നിഷേധാത്മക സമീപനം പഞ്ചായത്ത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 26ന് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്താനാണ് വ്യാപാരികളുടെ തീരുമാനം.
പഞ്ചായത്ത് ഭരണസമിതിയെ കച്ചവടക്കാര്‍ ബഹിഷ്‌കരിക്കുന്നതായുള്ള പ്രഖ്യാപനവും അന്നുണ്ടാവുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് സി റഷീദ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം വി ഡി ബൈജു, ഏകോപന സമിതി യൂത്ത് വിങ് യൂനിറ്റ് പ്രസിഡന്റ് എം കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.
നേരിട്ടും അല്ലാതെയും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുകയും മറ്റു തൊഴിലുകള്‍ക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രസക്തി പഞ്ചായത്ത് ഭരണസമിതി തിരിച്ചറിയുന്നില്ല. സ്വയംതൊഴില്‍ പ്രോല്‍സസാഹിപ്പിക്കുന്നതിനു പകരം കൂടുതല്‍ തൊഴില്‍രഹിതരെ സൃഷ്ടിക്കുന്ന നിലപാടാണ് പഞ്ചായത്തിന്റേത്. ആയിരത്തോളം വ്യാപാരികള്‍ അമ്പലവയല്‍ പഞ്ചായത്തിലുണ്ട്. ഇതില്‍ 150 പേര്‍ കച്ചവടം ചെയ്യുന്നത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികളിലാണ്. 2016ല്‍ പഞ്ചായത്ത് കടമുറികളുടെ വാടക ഒറ്റയടിക്ക് 15 ശതമാനം വര്‍ധിപ്പിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും 2017-18ല്‍ വാടക വര്‍ധന ഉണ്ടാകില്ലെന്നു ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഈ വര്‍ഷവും വാടകയില്‍ അഞ്ചു ശതമാനം വര്‍ധന വരുത്തി. വ്യാപാരികളുടെ ഡി ആന്റ് ഒ ലൈസന്‍സ് പുതുക്കുന്നതിലും പഞ്ചായത്ത് ഏകപക്ഷീയ തീരുമാനമെടുക്കുകയാണ്.
വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസിലെത്തുന്ന വ്യാപാരികളോട് ജീവനക്കാര്‍ പലപ്പോഴും പരുഷമായാണ് പെരുമാറുന്നത്. ഈ സാഹചര്യത്തിലാണ് സമരം ചെയ്യാനും ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ച് ഭരണസമിതിയെ ബഹിഷ്‌കരിക്കാനുമുള്ള തീരുമാനമെന്ന് പ്രതിനിധികള്‍ പറഞ്ഞു.

RELATED STORIES

Share it
Top