ഗ്രാമങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണം; നിരവധിപേര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: ജമ്മുവില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ഗ്രാമപ്രദേശങ്ങളിലും പൂര്‍ണം. പെരിന്തല്‍മണ്ണയിലും സമീപ പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തിയതിന് നിരവധിപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ, മേലാറ്റുര്‍, മങ്കട സ്‌റ്റേഷനുകളിലായി 50 പേരാണ് കസ്റ്റഡിയിലായത്. പോലിസിനെ തടഞ്ഞസംഭവങ്ങളില്‍ പെരിന്തല്‍മണ്ണ, മങ്കട സ്‌റ്റേഷനുകളില്‍ പ്രത്യേകം കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു സംഘം ചേര്‍ന്നെത്തിയ യുവാക്കളുടെ കൂട്ടായ്മ നഗരത്തില്‍ ഹര്‍ത്താല്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ഇതോടെ നഗരത്തിലെ മുഴുവന്‍ കടകളും അടയ്ക്കുകയായിരുന്നു. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങളും മാത്രമാണ് ഓടിയത്. പലസമയത്തും പ്രകടനക്കാര്‍ സ്വകാര്യവാഹനങ്ങളെയും കെഎസ്ആര്‍ടിസി ബസ്സുകളെയും റോഡില്‍ തടഞ്ഞിട്ടു. ഇതോടെ പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. പലപോഴും പോലിസും പ്രകടനക്കാരുമായി വാക്കേറ്റം നടത്തി. വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയത്തിനും വാഹനങ്ങള്‍ തടഞ്ഞതിനുമായി നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണയില്‍ മാത്രം പത്ത്്്് കേസുകള്‍ രജിസ്റ്റര്‍ ചെയ്്്തിട്ടുണ്ട്്്. ഉള്‍പ്രദേശങ്ങളിലെല്ലാം വാഹനങ്ങള്‍ നിലച്ചതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. രണ്ടുദിവസം മുമ്പ് തന്നെ ഹര്‍ത്താല്‍ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും രാഷ്രീയപ്പാര്‍ട്ടികളുടെയും മറ്റും പിന്തുണയില്ലാത്തതിനാല്‍ നടക്കില്ലെന്നവിവരത്തില്‍ പോലിസ് മുന്‍കരുതലുകള്‍ എടുത്തില്ലെന്നാക്ഷേപവുമുണ്ട്. തിരൂര്‍ക്കാട്, അങ്ങാടിപ്പുറം, പുലാമന്തോള്‍, മണ്ണാര്‍മല, പട്ടിക്കാട് ചുങ്കം, താഴെക്കോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെല്ലാം പ്രകടനക്കാരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. വെട്ടത്തൂര്‍ മണ്ണാര്‍മലയില്‍ വാഹനങ്ങള്‍ തടഞ്ഞ മൂന്നുപേരെ മേലാറ്റൂര്‍ പോലിസ് അറസ്റ്റുചെയ്തു. തിരൂര്‍ക്കാടും അരിപ്രയിലും പോലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. മണിക്കൂറുകളോളം പോലിസ് പലയിടത്തും വാഹനങ്ങള്‍ കടത്തിവിടാന്‍ വേണ്ടി പ്രത്യേകം ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. ഹര്‍ത്താലിനെ അനുകൂലിച്ച് വിവിധ യുവകൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ സംഗമവും നടത്തി.
അരീക്കോട് ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സിവില്‍ പോലിസ് ഓഫിസര്‍ സുരേന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇളയൂരില്‍ പോലിസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്ക് എതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തച്ചെണ്ണയിലും കാവനൂരും പോലിസിനെതിരേ അക്രമം നടത്തിയതും റോഡ് തടഞ്ഞതുമായ സംഭവത്തില്‍ 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

RELATED STORIES

Share it
Top