ഗ്യാസ് സിലിന്‍ഡറില്‍ ചോര്‍ച്ച; സ്വര്‍ണക്കട കത്തിനശിച്ചു

പത്തനാട്: ഗ്യാസ് സിലന്‍ഡറില്‍ ചോര്‍ച്ച. സ്വര്‍ണക്കട കത്തിനശിച്ചു. രക്ഷയായു കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറി.നെടുംകുന്നം മാണികുളം ചാലയ്ക്കല്‍ മോട്ടിയുടെ ഉടമസ്ഥതയില്‍ കങ്ങഴ പത്തനാട് പ്രവര്‍ത്തിക്കുന്ന മരിയാ ഫാഷന്‍ ജ്വല്ലേഴ്‌സാണ് കത്തിനശിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. സംഭവ സമയത്തു മോട്ടിയുടെ ഭാര്യ സെബി മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. പഴയ സ്വര്‍ണ ഉരുപ്പടികള്‍ കഴുകി വൃത്തിയാക്കുന്നതും സ്വര്‍ണം ഉരുക്കുന്നതടക്കമുള്ള ജോലികള്‍ നടത്തുന്നത് കടയുടെ പിന്‍ഭാഗത്തെ മുറിയിലായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസിലന്‍ഡറില്‍ നിന്ന് ചോര്‍ച്ചയുണ്ടായി പെട്ടന്നു തീപടരുകയായിരുന്നു. ഉടന്‍ തന്നെ സെബി കടയില്‍ നിന്ന് പുറത്തേക്കിറങ്ങി സമീപത്തുള്ളവരെ വിവരം അറിയിച്ചു.പാമ്പാടി ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനുകളില്‍ അറിയിക്കുകയും ചെയ്തു. പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറി എത്തിയതിനാല്‍ തീപടരുന്നത് നിയന്ത്രിക്കാന്‍ സഹായകമായി. നാട്ടുകാര്‍ ചേര്‍ന്ന് ടാങ്കര്‍ ലോറിയില്‍ നിന്ന് വെള്ളം എടുത്താണ് തീയണച്ചത്. കടയ്ക്കുള്ളിലെ ഫര്‍ണിച്ചറുകളടക്കം പൂര്‍ണമായി കത്തിനശിച്ചു.

RELATED STORIES

Share it
Top