ഗ്യാസ് സിലിന്‍ഡറിന് തീപ്പിടിച്ച് വീടു ഭാഗികമായി കത്തിനശിച്ചു

കോട്ടയം: ഭക്ഷണം പാകംചെയ്യുന്നതിനിടയില്‍ ഗ്യാസ് സിലിന്‍ഡറിനു തീപ്പിടിച്ചു വീട് ഭാഗികമായി കത്തിനശിച്ചു. കോട്ടയത്തു നിന്ന് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയും സിലിണ്ടറിനു തീപ്പിടിച്ചതോടെ വീട്ടുകാര്‍ അടുക്കളയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതും വന്‍ ദുരന്തമൊഴിവാക്കി. ഇന്നലെ രാവിലെ 7.30ന് മുപ്പായിക്കാട് മാട്ടൂര്‍ സിഎ ബാബുവിന്റെ വീട്ടിലായിരുന്നു സംഭവം. രാവിലെ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ തീപടര്‍ന്നു പിടിക്കുകയായിരുന്നു. ഗ്യാസ് സിലിന്‍ഡറിലെ റെഗുലേറ്ററിന്റ ഭാഗത്തുനിന്ന് ഗ്യാസ് ലീക്കായതാണ് അപകടത്തിനു കാരണം.അടുക്കളയിലെ വയറിങും കബോര്‍ഡും ഒരു മുറിയും കത്തിനശിച്ചു. അടുക്കള ഭാഗത്തെ മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അധികൃതരെത്തുമ്പോള്‍ വീടിനുള്ളില്‍കിടന്ന് സിലിണ്ടര്‍ കത്തുകയായിരുന്നു. ഉടന്‍തന്നെ സിലിന്‍ഡര്‍ വീടിനു പുറത്തേക്ക് എറിഞ്ഞശേഷമാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തീയണച്ചത്. ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ കെ വി ശിവദാസന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സജിമോന്‍ ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.

RELATED STORIES

Share it
Top