ഗ്യാസ് വിതരണംകാലതാമസം വരുത്തിയാല്‍ നടപടി: ജില്ലാ കലക്ടര്‍

തൃശൂര്‍: ജില്ലയില്‍ ഗ്യാസ് വിതരണത്തില്‍ എജന്‍സികള്‍ കാലതാമസം വരുത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി അനുപമ. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാചകവാതക വിതരണ ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
സിലിണ്ടര്‍ വിതരണത്തില്‍ തുടര്‍ച്ചയായി കാലതാമസം വരുത്തുന്ന എജന്‍സികള്‍ക്കെതിരേ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാചകവാതക വിതരണ കമ്പനി പ്രതിനിധികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തുടര്‍ച്ചയായി ഗ്യാസ് വിതരണത്തില്‍ തൃശൂര്‍ സൈനിക് ഗ്യാസ് എജന്‍സി കാലതാമസം വരുത്തുന്നുവെന്ന പരാതിയില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് കലക്ടര്‍ ആവശ്യപ്പെട്ടു. അടുത്ത ഓപ്പണ്‍ഫോറം ചേരുന്ന സമയത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എജന്‍സിക്കെതിരേ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഗ്യാസ് സബ്‌സിഡി ലഭിക്കുന്നില്ലെന്ന ഉപഭോക്താവിന്റൈ പരാതിയില്‍ ജില്ലാഭരണകൂടം നേരിട്ട് ഇടപെടാനും തീരുമാനിച്ചു. ഗ്യാസ് സിലിണ്ടറിന്റെ വിലയും വിതരണചാര്‍ജും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായി ബില്ലില്‍ രേഖപ്പെടുത്തി സുതാര്യത ഉറപ്പുവരുത്താന്‍ കലക്ടര്‍ കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ ഗ്യാസ് വിതരണ വാഹനങ്ങളില്‍ സിലിണ്ടറുകളുടെ തൂക്കം അളക്കാനുള്ള ഉപകരണവും ഗ്യാസ് ചോര്‍ച്ച പരിശോധിക്കാനുള്ള ഉപകരണവും നിര്‍ബന്ധമായും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ബാബു സേവ്യര്‍, വിവിധ ഗ്യാസ് കമ്പനി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top