ഗ്യാസ് ടാങ്കര്‍ അപകടം: ഡ്രൈവര്‍ക്കെതിരേ കേസെടുത്തു

തേഞ്ഞിപ്പലം: കഴിഞ്ഞ ദിവസം ഗ്യാസ്ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് വാതകം ചോരാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ തേഞ്ഞിപ്പലം പോലിസ് കേസെടുത്തു. അമിത വേഗതയും അശ്രദ്ധയിലും വാഹനമോടിച്ച് അപകടം വരുത്തിയതിന് ഡ്രൈവര്‍ തമിഴ്‌നാട് തുറയൂര്‍ സ്വദേശി മുത്തുവേല്‍ ബാലനെ (46)തിരെയാണ് കേസ്. വാഹനത്തിന്റെ തകരാര്‍ മൂലമല്ല അപകടമുണ്ടായതെന്ന് വാഹനം പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട് നാമക്കലിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെതാണ് ടാങ്കര്‍ ലോറി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് പാണമ്പ്ര വളവില്‍ നാടിനെ നടുക്കിയ അപകടമുണ്ടായത്. ദേശീയപാതയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും പാലിക്കാതെയാണ് ഗ്യാസ് ടാങ്കറുകള്‍ ചീറിപ്പായുന്നത്. ഗ്യാസ് ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്ന നിയമം പോലും കാറ്റില്‍ പറത്തി രാത്രികളില്‍ ടാങ്കര്‍ ചീറി പായുന്നതിന്റെ ഉദാഹരണമാണ് പാണമ്പ്രയില്‍ അപകടമുണ്ടായ വാഹനത്തില്‍ ഒരു ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നത്. ഇത്തരം വാഹനങ്ങള്‍ പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയ്യാറാകാത്തതാണ് നിയമ ലംഘനങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. രാവും പകലും വ്യത്യാസമില്ലാതെ അപകട മേഖലയായ കാക്കഞ്ചേരി, ചെട്ടിയാര്‍മാട്, കോഹിനൂര്‍ ഭാഗങ്ങളില്‍ ദേശീയ പാതയോരത്ത് ടാങ്കര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് അപകട സാധ്യത വിളിച്ച് വരുത്തുന്നു. ഹൈവേ പോലിസടക്കം ദേശീയ പാതയില്‍ പട്രോളിങ് നടത്തിയിട്ടും കണ്ടില്ലെന്ന മട്ടിലാണ്.

RELATED STORIES

Share it
Top