ഗ്യാലറിയില്‍ അവശനിലയില്‍ മറഡോണ

മോസ്‌കോ: അര്‍ജന്റീന-നൈജീരിയ ഗ്രൂപ്പ് ഡി നിര്‍ണായക മല്‍സരത്തിനിടെ ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ച് സാക്ഷാല്‍ ഡീഗോ മറഡോണയുണ്ടായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ കാമറാ ക്ലിക്കുകള്‍ ഇതിഹാസ താരത്തിലേക്ക് ഫോക്കസ് ചെയ്യുന്നതിനിടെ ഇടയ്ക്ക് മയക്കത്തിലേക്കു വഴുതിവീണു. ആവേശകരമായ മല്‍സരത്തിനിടെയുള്ള മയക്കത്തെക്കുറിച്ച്, ഡീഗോ രോഗബാധിതനാണെന്നും അതിനാലുള്ള ബോധക്ഷയമാണ് സംഭവിച്ചതെന്നുമുള്ള വാര്‍ത്ത പരക്കാന്‍ പിന്നെ അധികസമയമുണ്ടായില്ല.
ലോക മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റുപിടിച്ചതോടെ ഇതിനു വിശദീകരണവുമായി പിന്നീട് താരം തന്നെ രംഗത്തെത്തി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള മടക്കവിമാനത്തില്‍ വച്ചാണ് തന്റെ ആരോഗ്യസ്ഥിതി വിവരിച്ചുകൊണ്ട് ഡീഗോ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദേശം അയച്ചത്.
''അച്ഛനെയും അമ്മയെയും മകന്‍ ഡ്യുഗിറ്റോ ഫെര്‍ണാണ്ടോയെയും കൊച്ചുമകന്‍ ബെഞ്ചമിനെയും പിടിച്ച് ഞാന്‍ ആണയിട്ടു പറയുകയാണ്. എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.   അമിതമായി വൈറ്റ് വൈന്‍ കുടിച്ചതാണ് പ്രശ്‌നമായത്. ഹാഫ്‌ടൈമിന് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു.
എനിക്ക് റെഡ് വൈനാണ് ഇഷ്ടം. പക്ഷേ, അവിടെ വൈറ്റ് വൈന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ നന്നായി കുടിക്കുകയും ചെയ്തു. എനിക്ക് ഹൃദയാഘാതമൊന്നുമില്ല. ഇഞ്ചക്ഷനുമില്ല. ഞങ്ങള്‍ മോസ്‌കോയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്''- താരം സന്ദേശത്തില്‍ പറഞ്ഞു. ഇതിനു ശേഷം ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന ഫോട്ടോയും മറഡോണ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

RELATED STORIES

Share it
Top