ഗോവ മുന്‍ മുഖ്യമന്ത്രിയെ ലോകായുക്ത വിളിപ്പിച്ചു

പനാജി: ഗോവയില്‍ ഖനനം ചെയ്യുന്നതിനു പാട്ടങ്ങള്‍ പുതുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറെ ലോകായുക്ത വിളിപ്പിച്ചു. പര്‍സേക്കര്‍ മൊഴി നല്‍കാന്‍ തിങ്കളാഴ്ച ഹാജരാവണം. ഖനനം നല്‍കാനുള്ള പാട്ടങ്ങള്‍ പുതുക്കിയത് അഴിമതിക്ക് കാരണമായി എന്നാരോപിച്ച് സര്‍ക്കാരിതര സംഘടനയായ ഗോവ ഫൗണ്ടേഷനാണ് ലോകായുക്ത ജസ്റ്റിസ് (റിട്ട.) പി കെ മിശ്രയ്ക്ക് പരാതി നല്‍കിയത്.
88 ഖനന പാട്ടങ്ങളാണ് ഒരു ബഹുരാഷ്ട്ര കമ്പനിയടക്കം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പര്‍സേക്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുതുക്കി നല്‍കിയത്. 2014 നവംബര്‍ 1 നും 2015 ജനുവരി 12നുമിടയിലായിരുന്നു ഇത്. പാട്ടങ്ങള്‍ പുതുക്കിയതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാട്ടത്തിന് നല്‍കിയ ഖനികള്‍ക്ക് പ്രതിവര്‍ഷം 44 ദശലക്ഷം ടണ്‍ ഇരുമ്പയിര് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്. പുതുക്കിയ പാട്ടങ്ങള്‍ ഫെബ്രുവരി 7ന് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
പര്‍സേക്കറെ കൂടാതെ അന്നത്തെ സംസ്ഥാന ഖനന സെക്രട്ടറി പവന്‍കുമാര്‍ സെയിന്‍, ഇപ്പോഴത്തെ ഗോവ മൈന്‍സ് ആന്റ് ജിയോളജി ഡയറക്ടര്‍ പ്രസന്ന ആചാര്യ എന്നിവര്‍ക്കെതിരേയാണ് ഗോവ ഫൗണ്ടേഷന്‍ പരാതി നല്‍കിയത്. ഇവര്‍ നടത്തിയ അധികാര ദുര്‍വിനിയോഗം സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
2015 മുതല്‍ 2018 വരെ ഏതാണ്ട് മൂന്നു വര്‍ഷക്കാലം സ്വകാര്യ കമ്പനികള്‍ ഖനനം നടത്തി ലാഭമുണ്ടാക്കി. പര്‍സേക്കര്‍ അടക്കം പരാതിയില്‍ പറഞ്ഞ മൂന്നു പേര്‍ക്കുമെതിരേ അഴിമതി തടയല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ഗോവ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, ചൊവ്വാഴ്ച മകളുടെ വിവാഹമായതിനാല്‍ തിങ്കളാഴ്ച ലോകായുക്ത മുമ്പാകെ തനിക്ക് ഹാജരാകാനാവില്ലെന്ന് പര്‍സേക്കര്‍ പറഞ്ഞു. ഹാജരാവുന്നതിനു തന്റെ അഭിഭാഷകന്‍ മറ്റൊരു ദിവസം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top