ഗോവ: പരീക്കര്‍ തുടരുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. എന്നാല്‍, സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് അമിത്ഷാ വ്യക്തമാക്കി. രോഗബാധയെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ ചികില്‍സയ്ക്കു പോയതോടെ സംസ്ഥാനത്തുണ്ടായ ഭരണപ്രതിസന്ധി രൂക്ഷമാവുന്നതിനിടെയാണ് അമിത്ഷായുടെ പ്രതികരണം പുറത്തുവന്നത്. സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായി ചര്‍ച്ചചെയ്താണ് പരീക്കര്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരട്ടേയെന്ന് തീരുമാനിച്ചതെന്ന് അമിത്ഷാ ട്വീറ്റ് ചെയ്തു. മന്ത്രിസഭയിലും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളിലുമുള്ള മാറ്റങ്ങള്‍ താമസിയാതെ ഉണ്ടാവുമെന്നും ഷാ അറിയിച്ചു. സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിക്ക് (എംജിപി) ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനത്തോട് ഗോവയിലെ ബിജെപി നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവര്‍ക്കും സ്വീകാര്യമായതരത്തില്‍ മന്ത്രിസഭ പുനസ്സംഘടിപ്പിക്കാന്‍ പാര്‍ട്ടിനേതൃത്വം തീരുമാനിച്ചത്.

RELATED STORIES

Share it
Top