ഗോവ: കര്‍ണാടക ഫോര്‍മുലയുമായി കോണ്‍ഗ്രസ്; ബിജെപി ആശങ്കയില്‍

പനാജി: ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് പകരക്കാരനെ തേടി ഗോവയില്‍ ബിജെപി അലയുമ്പോള്‍ കര്‍ണാടക മോഡലില്‍ ഭരണമാറ്റത്തിനായി കോണ്‍ഗ്രസ് നീക്കം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും ബിജെപി ചരടുവലി മൂലം നേരത്തേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിലെ അമര്‍ഷം അവസരം ലഭിച്ചപ്പോള്‍ പുറത്തെടുത്ത് രാഷ്ട്രീയ കണക്കുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.
നിലവില്‍ ബിജെപിക്ക് ഭരിക്കാന്‍ പിന്തുണ നല്‍കിവരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ അമരക്കാരനായ വിജയ് സര്‍ദേശായിക്ക്, സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ തങ്ങളുടെ പിന്തുണയുണ്ടാവുമെന്ന വാഗ്ദാനം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായി ബിജെപിയെ വിമര്‍ശിച്ച് വിജയിച്ച വിജയ് സര്‍ദേശായി മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായ കാരണം കൊണ്ട് മാത്രമാണ് പിന്തുണ നല്‍കിയത്. അതിനിടെ, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കാമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനം ബിജെപി നേതൃത്വം വിജയ് സര്‍ദേശായിക്ക് നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഇപ്പോഴത്തെ കേന്ദ്ര ആയുഷ്‌വകുപ്പ് മന്ത്രിയും ഗോവക്കാരനുമായ ശ്രീപദ് നായികിനെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി ശ്രമത്തെ മറ്റൊരു ഘടകകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി (എംജിപി) എതിര്‍ത്തിട്ടുണ്ട്. ബിജെപിക്ക് മുന്നിലുള്ള രണ്ടു വഴികള്‍ തിരഞ്ഞെടുത്താലും ഏതെങ്കിലും ഘടകകക്ഷികള്‍ പിന്തുണ പിന്‍വലിക്കുമെന്ന സാഹചര്യമാണ് കോണ്‍ഗ്രസ്സിന് അനുകൂലമായിരിക്കുന്നത്. 40 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് 16 അംഗങ്ങളും ബിജെപിക്ക് 14 അംഗങ്ങളുമാണുള്ളത്. അതില്‍ മൂന്നുപേര്‍ ചികില്‍സയിലാണ്. എംജിപിക്കും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് അംഗങ്ങള്‍ വീതമാണുള്ളത്. മൂന്നു സ്വതന്ത്രന്‍മാരെ കൂടാതെ തലസ്ഥാനനഗരിയോടടുത്തുള്ള സാന്താക്രൂസ് മണ്ഡലത്തിലെ എന്‍സിപി അംഗം നേരത്തേ കോണ്‍ഗ്രസ്സില്‍ നിന്നു തെറ്റിപ്പിരിഞ്ഞു വന്നയാളാണ്. മന്ത്രിസഭ പിരിച്ചുവിടരുതെന്നും നിയമസഭ വിളിച്ചുകൂട്ടി ബിജെപിയോട് ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ബിജെപി അനുകൂലിയായ ഗവര്‍ണര്‍ മൃദുല സിന്‍ഹയില്‍ നിന്നും അനുകൂല തീരുമാനത്തിനു സാധ്യതയില്ല. അതിനാലാണ് കോണ്‍ഗ്രസ് കര്‍ണാടക ഫോര്‍മുലയുമായി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഘടകക്ഷി ചര്‍ച്ചയില്‍ തീരുമാനങ്ങളൊന്നുമായില്ല. ശ്രീപദ് നായികിനെ മുഖ്യമന്ത്രിയാക്കുകയും ഒരു ഘടകക്ഷികളില്‍ ഒരാള്‍ക്ക് ഉപമുഖ്യമന്ത്രിയും മറ്റൊരാള്‍ക്ക് രാജ്യാസഭാംഗത്വവും നല്‍കാമെന്നുമായിരുന്നു വാഗ്ദാനം എന്നാല്‍ ഇത് ഇരുകക്ഷികളും അംഗീകരിച്ചിട്ടില്ല.

RELATED STORIES

Share it
Top