ഗോവധത്തിനു വധശിക്ഷ; സ്വകാര്യബില്ലുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ഗോവധത്തിനു വധശിക്ഷ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ സ്വകാര്യ ബില്ല് രാജ്യസഭയില്‍. ഗോവധം അനുവദിക്കുന്നതു കൊണ്ടു തന്റെ മൗലികാവകാശം ഹനിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ പോവാന്‍ കഴിയില്ല. എന്നാല്‍, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഭരണഘടനാപരമായ സാധുതകള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്താമെന്നാണു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. കശാപ്പു നിരോധനം ആവശ്യപ്പെടുന്നതു മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, മറിച്ച് ശാസ്ത്രവശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. ഗോമൂത്രത്തില്‍ നിന്നുള്ള മരുന്ന് ഉല്‍പ്പാദനത്തിന് പേറ്റന്റുകള്‍ നല്‍കുന്നുണ്ട്. തനിക്കും ഇത്തരത്തില്‍ ഒരു പേറ്റന്റ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. അങ്ങനെയെങ്കില്‍ അതു സഭയില്‍ വയ്ക്കണമെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേഷ് ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാമെന്നു സ്വാമി പറഞ്ഞു. പശുക്കള്‍ രാജ്യത്ത് പൗരന്‍മാരെ കൊല്ലുന്നതിനുള്ള ആയുധമായി മാറിയിട്ടുണ്ടെന്നു സിപിഐ നേതാവ് ഡി രാജ ചൂണ്ടിക്കാട്ടി. സുബ്രഹ് മണ്യന്‍ സ്വാമി ഇക്കാര്യം കൂടി ചിന്തിക്കണം. ബില്ല് പാസായാല്‍ രാജ്യം അപകടകരമായ അവസ്ഥയിലേക്കു പോവും. ആളുകള്‍ എന്തു ഭക്ഷിക്കണം, എന്തു ഭക്ഷിക്കേണ്ടെന്നും സര്‍ക്കാരിനു തീരുമാനിച്ച് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും രാജ പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം സുബ്രഹ്മണ്യന്‍ സ്വാമിയുടെ ബില്ല് അദ്ദേഹം പിന്‍വലിച്ചു.

RELATED STORIES

Share it
Top