ഗോള്‍ വര്‍ഷിച്ച് ചിലി അവസാന നാലില്‍

Eduardo-Vargas-celebrates-aകാലഫോര്‍ണിയ: ഗോള്‍ വര്‍ഷിച്ച് നിലവിലെ ചാംപ്യന്‍മാരായ ചിലി കോപ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ റണ്ണേഴ്‌സപ്പായ മെക്‌സിക്കോയെ ചിലി എതിരില്ലാത്ത ഏഴ് ഗോളിന് തരിപ്പണമാക്കുകയായിരുന്നു. ഹാട്രിക്കുള്‍പ്പെടെ നാല് ഗോളുകള്‍ അടിച്ചുകൂട്ടിയ എഡ്വാര്‍ഡോ വാര്‍ഗസാണ് ചിലിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കളിയുടെ 44, 52, 57, 74 മിനിറ്റുകളിലാണ് വാര്‍ഗസ് ചിലിക്കു വേണ്ടി ലക്ഷ്യംകണ്ടത്. എഡ്‌സന്‍ പുഞ്ച് ഇരട്ട ഗോളുമായി വാര്‍ഗസിനൊപ്പം തിളങ്ങി. 16, 87 മിനിറ്റുകളിലായിരുന്നു പുഞ്ചിന്റെ ഗോള്‍ നേട്ടം. അലെക്‌സിസ് സാഞ്ചസാണ് (49ാം മിനിറ്റ്) ചിലിയുടെ മറ്റൊരു സ്‌കോറര്‍.തങ്ങള്‍ക്കെതിരേ മികച്ച റെക്കോഡുള്ള മെക്‌സിക്കോയ്‌ക്കെതിരേ ഉജ്ജ്വല പ്രകടനമാണ് ചിലി പുറത്തെടുത്തത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചാംപ്യന്‍മാര്‍ മെക്‌സിക്കന്‍ തീരമാലയെ തകര്‍ത്തെറിയുകയായിരുന്നു. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും ചിലി ഒരുപോലെ മുന്നിട്ടുനിന്നപ്പോള്‍ മെക്‌സിക്കോ പലപ്പോഴും കാഴ്ചക്കാരായി മാറി. ഗോളിനായി 11 തവണ നിറയൊഴിച്ച ചിലി അതില്‍ ഏഴും ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, നിറംമങ്ങിയ മെക്‌സിക്കോ ചിലി പോസ്റ്റ് ലക്ഷ്യമാക്കി ഒരു തവണ മാത്രമാണ് ഷോട്ടുതീര്‍ത്തത്. മെക്‌സിക്കോയ്‌ക്കെതിരേയും മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ കൊളംബിയക്കെതിരേ ചിലി താരം ആര്‍ത്യുറോ വിദാലിന്  കളിക്കാനാവില്ല.

RELATED STORIES

Share it
Top