ഗോള്‍മഴപെയ്യിച്ച് ബെല്‍ജിയത്തിന് ജയം


മോസ്‌കോ: റോമലു ലുക്കാക്കുവും ഈഡന്‍ ഹസാര്‍ഡും ഇരട്ടചങ്കോടെ പടനയിച്ചപ്പോള്‍ തുണീസ്യക്കെതിരേ ബെല്‍ജിയത്തിന് വമ്പന്‍ ജയം. രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം പട വിജയം സ്വന്തമാക്കിയത്. ആദ്യാവസാനം ഗോള്‍മഴ പെയ്യിച്ച ബെല്‍ജിയം തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ രണ്ടാം തോല്‍വിയോടെ തുണീസ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
3-4-3 എന്ന ശൈലിയില്‍ ബെല്‍ജിയം ബൂട്ടണിഞ്ഞപ്പോള്‍ 4-3-3 ശൈലിയിലായിരുന്നു തുണീസ്യയുടെ പടപ്പുറപ്പാട്.  കളിയുടെ തുടക്കം മുതല്‍ ആക്രമണ ശൈലിയിലൂന്നി കളിച്ച ബെല്‍ജിയം ആറാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് ഈഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയത്തിന്റെ അക്കൗണ്ട് തുറന്നത്. പോസ്റ്റിലേക്ക് പന്തുമായി കുതിച്ച ഹസാര്‍ഡിനെ ബോക്‌സില്‍ സ്യാംബെന്‍ യൂസഫ് ഫൗള്‍ ചെയ്തതിനാണ് ബെല്‍ജിയത്തിന് പെനല്‍റ്റി ലഭിച്ചത്. 1-0ന് ബെല്‍ജിയം മുന്നില്‍. ലീഡെടുത്തതോടെ പ്രതിരോധത്തിലേക്കൊതുങ്ങാതെ ആക്രമിച്ച് തന്നെ മുന്നേറിയ ബെല്‍ജിയം 16ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. മെര്‍ട്ടെന്‍സിന്റെ അസിസ്റ്റില്‍ റോമലു ലുക്കാക്കുവാണ് ബെല്‍ജിയത്തിനായി വലകുലുക്കിയത്. ലുക്കാക്കുവിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോള്‍കൂടിയായിരുന്നു ഇത്. 2-0ന് ബെല്‍ജിയം മുന്നില്‍.
ഗോള്‍മടക്കാന്‍ പൊരുതിക്കളിച്ച തുണീസ്യ 18ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. വഹാബി ഖാസ്രിയുടെ ഫ്രീകിക്കിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ഡെയ്‌ലന്‍ ബ്രോണാണ് തുണീസ്യയുടെ അക്കൗണ്ട് തുറന്നത്.. മല്‍സരം 2-1 എന്ന നിലയില്‍. പോരാട്ടം കടുത്തതോടെ മികച്ച പല മുന്നേറ്റങ്ങളും ഇരു ഭാഗത്തുനിന്നുമുണ്ടായി. 24ാം മിനിറ്റില്‍ തുണീസ്യയുടെ ഗോള്‍ സ്‌കോററായ ബ്രോണിന് പകരം ഹംദി നഗൂസിനെ തുണീസ്യ കളത്തിലിറക്കി. പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരത്തിന് തിരികെ കയറേണ്ടി വന്നത്.42ാം മിനിറ്റില്‍ ഗോളടിക്കാന്‍ ലഭിച്ച സുവര്‍ണാവസം ലുക്കാക്കു പാഴാക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ താരം പിഴവ് പരിഹരിച്ചു. മ്യൂനിയറുടെ അസിസ്റ്റില്‍ ലുക്കാക്കു ലക്ഷ്യം കണ്ടെത്തിയതോടെ ആദ്യ പകുതിയില്‍ 3-1 ന് ആധിപത്യം ബെല്‍ജിയത്തിനൊപ്പം. ഇൗ ലോകകപ്പിലെ ലുക്കാക്കുവിന്റെ നാലാം ഗോള്‍കൂടിയായിരുന്നു ഇത്. ഇതോടെ ഗോള്‍വേട്ടക്കാരില്‍ നാല് ഗോളുമായി ലുക്കാക്കു പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി. കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബെല്‍ജിയം താരം എന്ന റെക്കോഡില്‍ മാര്‍ക്ക് വില്‍മോട്‌സിനൊപ്പവും ലുക്കാക്കു സ്ഥാനം പിടിച്ചു. ആദ്യ പകുതിയില്‍ 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബെല്‍ജിയം 10 തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ അഞ്ച് തവണ മാത്രമാണ് തുണീസ്യക്ക് ബെല്‍ജിയം ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാനായത്.
രണ്ടാം പകുതിയിലും ആക്രമണശൈലി വിടാതെയായിരുന്നു ബെല്‍ജിയത്തിന്റെ മുന്നേറ്റം. 51ാം മിനിറ്റില്‍ ഹസാര്‍ഡ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ ബെല്‍ജിയത്തിന്റെ അക്കൗണ്ടില്‍ നാലാം ഗോളും പിറന്നു. ടോബി ആല്‍ഡര്‍വയ്‌റല്‍ഡിന്റെ ലോങ് പാസിനെ പിടിച്ചെടുത്ത ഹസാര്‍ഡ് കൗശലപൂര്‍വം ലക്ഷ്യം കാണുകയായിരുന്നു. 4-1ന് ബെല്‍ജിയം മുന്നില്‍. 59ാം മിനിറ്റില്‍ ലുക്കാക്കുവിനെ പിന്‍വലിച്ച് പകരം മൗറാന്‍ ഫെല്ലെയ്‌നിയെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് കളത്തിലിറക്കി. പിന്നീടുള്ള അല്‍പ്പസമയത്തേക്ക് ഗോള്‍ക്ഷാമം മല്‍സരത്തില്‍ കണ്ടെങ്കിലും 90ാം മിനിറ്റില്‍ ബാറ്റ്ഷുവായിലൂടെ ബെല്‍ജിയം വീണ്ടും ലീഡുയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ ടിലിമെന്‍സിന്റെ അസിസ്റ്റിലായിരുന്നു ബാറ്റ്ഷുവായിയുടെ ഗോള്‍ നേട്ടം. മല്‍സരം 5-1 എന്ന നിലയില്‍. വന്‍ തോല്‍വിയുടെ നാണക്കേടൊഴിവാക്കാന്‍ അധ്വാനിച്ച് കളിച്ച തുണീസ്യ 93ാം മിനിറ്റില്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി. നാഗ്യൂസിന്റെ അസിസ്റ്റില്‍ ഖാസ്രിയാണ് തുണീസ്‌ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-2 എന്ന വമ്പന്‍ ജയം ബെല്‍ജിയത്തിനൊപ്പം നിന്നു. ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പാനമയെ ബെല്‍ജിയം തോല്‍പ്പിച്ചപ്പോള്‍ തുണീസ്യ  2-1ന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
ഈ മല്‍സരത്തിലൂടെ പുത്തന്‍ റെക്കോഡും ലോകകപ്പില്‍ പിറന്നു. ഗോള്‍രഹിത സമനിലയില്ലാതെ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാവുന്നത് ഈ ലോകകപ്പിലാണ്. 1954ലെ 26 മല്‍സരങ്ങളെന്ന റെക്കോഡാണ് ഇന്നത്തെ മല്‍സരത്തിലൂടെ മറികടന്നത്.

RELATED STORIES

Share it
Top