ഗോള്‍ഡന്‍ ഗ്ലോബ് എന്ന ഭ്രാന്തന്‍ സഞ്ചാരം

കൊച്ചി: ഒരിടത്തും നിര്‍ത്താതെ, ഒറ്റയ്ക്കു പായ്‌വഞ്ചിയില്‍ ഉലകം ചുറ്റി പുറപ്പെട്ടിടത്തു തിരിച്ചെത്തുക. അതും അരനൂറ്റാണ്ടു മുമ്പത്തെ സമുദ്ര പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ച്. അതാണ് 'ഭ്രാന്തന്‍മാരുടെ സമുദ്ര പ്രയാണം' എന്ന അപരനാമത്തിലറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് (ജിജിആര്‍).
വടക്കുനോക്കി യന്ത്രവും മാപ്പുകളും മാത്രമാണു ദിശ കണ്ടുപിടിക്കാന്‍ നാവികര്‍ ഉപയോഗിക്കുക. പേന പോലും ഒപ്പം കൊണ്ടുപോവാന്‍ അനുവാദമില്ല. ഫോണ്‍ ഉള്‍പ്പെടെ ഒന്നും കൈവശംവയ്ക്കാന്‍ ആവാത്തതിനാല്‍ ആ രോടും ബന്ധപ്പെടാനാവില്ല.
ഒരു സാറ്റലൈറ്റ് ട്രാക്കിങ് സിസ്റ്റം, ചെറു സന്ദേശങ്ങള്‍ അയക്കാനുള്ള പേജിങ് യൂനിറ്റ്, രണ്ട് സാറ്റലൈറ്റ് ഫോണ്‍, ജിപിഎസ് ചാര്‍ട്ട്‌പ്ലോട്ടര്‍ എന്നിവയാണു മല്‍സരത്തില്‍ പങ്കെടുക്കുന്ന നാവികര്‍ക്കു നല്‍കുക. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാവൂ.
18 പേരില്‍ ഏഷ്യയില്‍ നിന്നു മല്‍സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏകവ്യക്തിയാണ് അഭിലാഷ്. കടലില്‍ 8000 മൈല്‍ പായ്‌വഞ്ചി ഓടിച്ചും ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ടില്‍ ഒറ്റയ്ക്ക് 2000 മൈല്‍ യാത്ര ചെയ്തും പരിചയമുള്ള പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക.
ബ്രിട്ടീഷുകാരന്‍ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ 1968ല്‍ ഒറ്റയ്ക്കു നടത്തിയ സമുദ്രപ്രയാണത്തിന്റെ ഓര്‍മയ്ക്കാണു ജിജിആര്‍ നടത്തുന്നത്. ജോണ്‍സ്റ്റണ്‍ തന്നെയായിരുന്നു അഭിലാഷ് ടോമിയുടെ മാര്‍ഗനിര്‍ദേശകന്‍. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാന്‍ അഭിലാഷിന് പ്രത്യേക ക്ഷണം ലഭിച്ചപ്പോള്‍ ഇതിനായി പ്രത്യേക വഞ്ചി തയ്യാറാക്കാന്‍ വേണ്ട വിദഗ്ധ നിര്‍ദേശം നല്‍കിയതും സര്‍ റോബിനായിരുന്നു. 30,000 നോട്ടിക്കല്‍ മൈല്‍ ദൂരം പ്രതീക്ഷിക്കുന്ന പ്രയാണം 311 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് അഭിലാഷ് ടോമി ലക്ഷ്യമിട്ടിരുന്നത്.

RELATED STORIES

Share it
Top