ഗോരഖ്പൂരില്‍ മാര്‍ച്ച് 11ന് ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് നിര്‍ണായകം

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂര്‍ അടക്കം മുന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 11ന് നടക്കും. മാര്‍ച്ച് 14നാണ് ഫലപ്രഖ്യാപനം. യുപിയിലെ തന്നെ ഫുല്‍പൂര്‍, ബിഹാറിലെ അരാരിയ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ബിജെപിക്ക് ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ഉപ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.  യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തു നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മുന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് പുറമേ  ബിഹാറിലെ ബഹാബുവ, ജെനാബാദ് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പുകളും മാര്‍ച്ച് 11ന്  നടക്കും. ഈമാസം 20നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. 21ന് സൂക്ഷ്മ പരിശോധന. 23വരെ പത്രിക പിന്‍വലിക്കാം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യയും സ്ഥാനമേറ്റതോടെയാണ് ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകള്‍ ഒഴിവുവന്നത്. ആര്‍ജെഡി എംപിയായിരുന്ന മുഹമ്മദ് തസ്‌ലീമുദ്ദീന്റെ മരണത്തെ തുടര്‍ന്നായിരുന്നു അരാരിയയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

RELATED STORIES

Share it
Top