ഗോരക്ഷാ കുറ്റവാളികള്‍ക്ക് ഹാരാര്‍പ്പണം; കേന്ദ്രമന്ത്രിയായ മകന്‍ ഒന്നിനും കൊള്ളാത്തവനെന്ന് യശ്വന്ത് സിന്‍ഹ

റാഞ്ചി: അലീമുദ്ദീന്‍ കൊലക്കേസിലെ കുറ്റവാളികളായ ഗോരക്ഷാ പ്രവര്‍ത്തകരെ ഹാരാര്‍പ്പണം നടത്തിയ മോദി മന്ത്രിസഭയിലെ അംഗവും മകനുമായ ജയന്ത് സിന്‍ഹയെ ഒന്നിനും കൊള്ളാത്തവനെന്നു വിളിച്ച് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ.
മകന്റെ നടപടിയോട് യോജിക്കുന്നില്ലെന്ന് പ്രതികരിച്ചുകൊണ്ട് ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നേരത്തേ എല്ലാറ്റിനും മതിയായ മകന് ഞാന്‍ ഒന്നിനുംകൊള്ളാത്ത പിതാവായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചായി- ഇതായിരുന്നു യശ്വന്ത് സിന്‍ഹയുടെ ട്വീറ്റ്.
പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ അലീമുദ്ദീനെന്ന 55കാരനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ടാണ് കഴിഞ്ഞദിവസം ജയന്ത് സിന്‍ഹ സ്വീകരിച്ചത്. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ഇവര്‍ക്ക് വ്യോമയാനമന്ത്രിയായ ജയന്ത് സിന്‍ഹയുടെ വീട്ടില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയിലായിരുന്നു സംഭവം.
അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം അടക്കമുള്ള പല വിഷയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാദ്യമായല്ല യശ്വന്ത് സിന്‍ഹയും ജയന്ത് സിന്‍ഹയും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ക്കുന്നത്.
കഴിഞ്ഞ സപ്തംബറില്‍ യശ്വന്ത് സിന്‍ഹ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ചപ്പോള്‍ ജയന്ത് സിന്‍ഹ സര്‍ക്കാരിനെ പ്രതിരോധിച്ചു രംഗത്തുവന്നിരുന്നു.

RELATED STORIES

Share it
Top