ഗോരക്ഷാ അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു:വസ്തുതാന്വേഷണ സംഘം

ന്യൂഡല്‍ഹി: ഗോരക്ഷയുടെയും വിദ്വേശത്തിന്റെയും പേരില്‍ കൊലനടത്തുന്നവര്‍ക്കും നിയമം കൈയിലെടുക്കുന്നവര്‍ക്കും രാജസ്ഥാന്‍ സര്‍ക്കാര്‍ സഹായം ചെയ്യുകയാണെന്നു ഭൂമി അധികാര്‍ ആന്ദോളന്റെ നേതൃത്വത്തില്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം. ഗോരക്ഷാ അക്രമികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍വാര്‍ സ്വദേശി പെഹ്‌ലുഖാന്‍, ഭരത്പൂര്‍ സ്വദേശി ഉമര്‍ഖാന്‍, വിദ്വേഷ കോലപാതകത്തിനിരയായ അഫ്‌റാസുല്‍, മുനിസിപ്പല്‍ ജീവനക്കാര്‍ കൊലപ്പെടുത്തിയ ജാഫര്‍ഖാന്‍ തുടങ്ങിയവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ഡല്‍ഹി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു സംഘം.ക്ഷീരകര്‍ഷകരായ പെഹ്‌ലുഖാനും ഉമര്‍ഖാനും കന്നുകാലിക്കടത്തുകാരാണെന്ന സംഘപരിവാര ഭാഷ്യമാണ് പോലിസും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. ഉമര്‍ഖാന്റെ ഗ്രാമത്തില്‍ ആകെ 450 കുടുംബങ്ങളാണുള്ളത്. ഇതില്‍ 400ഉം മുസ്‌ലിം കുടുംബങ്ങളാണ്. എല്ലാ കുടുംബങ്ങളിലും പശുക്കളുണ്ട്. ഇവരുടെ ഉപജീവനമാര്‍ഗം പാല്‍വില്‍പനയാണ്. എന്നാല്‍, പശുക്കളെ വാങ്ങാനോ വില്‍ക്കാനോ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവര്‍ക്കാവുന്നില്ലെന്നും സംഘം വ്യക്തമാക്കി. മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ ജാഫര്‍ഖാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ പോലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഫ്‌റാസുലിനെ ജീവനോടെ തീക്കൊളുത്തിക്കൊന്ന രാജ്‌സമന്ദില്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ സാമുദായിക ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. രാജസ്ഥാനില്‍ വ്യത്യസ്തമായി സാമുദായിക മൈത്രിയുള്ള മേഖലയില്‍ വെറുപ്പ് പടര്‍ത്തുകയെന്ന സംഘപരിവാരത്തിന്റെ ഗൂഢ പദ്ധതിയാണ് സംഭവത്തിനു പിന്നിലെന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്ന കെ കെ രാഗേഷ് എംപി പറഞ്ഞു. വിജു കൃഷ്ണന്‍, പി കൃഷ്ണപ്രസാദ്, ദേവേന്ദ്രസിങ് ചൗഹാന്‍, ദീരേന്ദ്ര ഭാദൗര്യ, ബിലാല്‍ ഖാന്‍, മുജാഹിദ് നഫീസ്, അഡ്വ. രാജേന്ദര്‍ സിങ്, അഡ്വ. രശ്മിത, അഡ്വ. സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top