ഗോരക്ഷക സംഘങ്ങളുടെ അക്രമം തടയണം

ഗോ സംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ തല്ലിച്ചതയ്ക്കാനും കൊന്നുതള്ളാനും രംഗത്തുള്ള ഹിന്ദുത്വസംഘങ്ങള്‍ക്ക് താക്കീതാണ് ഇന്നലെ സുപ്രിംകോടതി നല്‍കിയത്. ഗോരക്ഷക സംഘങ്ങളുടെ പ്രവൃത്തി ആള്‍ക്കൂട്ട ആക്രമണങ്ങളാണെന്നും കുറ്റകൃത്യമാണെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നു. നിയമം കൈയിലെടുക്കാനുള്ള അക്രമിസംഘങ്ങളുടെ നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്നാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് ഓര്‍മിപ്പിച്ചത്.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിനു ശേഷമാണ് ഇത്തരത്തില്‍ പരസ്യമായി നിയമം കൈയിലെടുക്കുന്ന പ്രവണത ശക്തമായത്. ഉത്തര്‍പ്രദേശിലെ ദാദ്രിയും ഗുജറാത്തിലെ ഉനയും തുടങ്ങി കര്‍ണാടകയിലും കേരളത്തിലും വരെ പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടി. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഹിന്ദുത്വഭരണകൂടവും ഗോരക്ഷകരുടെ അക്രമങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.
നിരപരാധികള്‍ക്കു മേല്‍ നാടെങ്ങും അക്രമം വിതയ്ക്കുമ്പോഴും കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും മൗനം തുടരുകയായിരുന്നു. ഈ സാഹചര്യത്തില്‍ മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയാണ് സര്‍ക്കാരുകളുടെ ഉത്തരവാദരഹിതമായ സമീപനത്തിനെതിരേ, അക്രമം തടയുന്നതിനു  മാര്‍ഗരേഖ തയ്യാറാക്കണമെന്ന ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ് ജനരോഷം ശക്തമായപ്പോഴാണ് 2017 ജൂണില്‍ ആദ്യമായി ഗോരക്ഷകസംഘ ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വാ തുറന്നത്.
2017 സപ്തംബര്‍ 6ന് ഗോരക്ഷാ സംഘങ്ങളുടെ മറവില്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് അടിയന്തരമായി അറുതിവരുത്തണമെന്ന നിലപാട് സ്വീകരിച്ച സുപ്രിംകോടതി ജില്ലാതലങ്ങളില്‍ നോഡല്‍ പോലിസ് ഓഫിസര്‍മാരെ നിയമിക്കുന്നതിനു സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡിവൈഎസ്പി റാങ്കിലുള്ള പോലിസ് ഓഫിസര്‍മാരെ നിയമിച്ചതായി ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്്രട, ഗുജറാത്ത് സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. നിയമനം നടത്താതെ കോടതി ഉത്തരവ് ലംഘിച്ചതിനു രാജസ്ഥാന്‍, ഹരിയാന, യുപി സര്‍ക്കാരുകളോട് കോടതി വിശദീകരണം തേടുകയും ചെയ്തു.
ഹിന്ദുത്വ രാഷ്ട്രീയത്താല്‍ പ്രചോദിതരായ ആള്‍ക്കൂട്ടം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് ഇരകളാവുന്നത് മുഖ്യമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളും ദലിതുകളുമാണ്. ഗോരക്ഷകരുടെ ആക്രമണം സംസ്ഥാന വിഷയമാണ്, എല്ലാ തരം അക്രമങ്ങളെയും പൊതുവായി തള്ളിപ്പറയുകയല്ലാതെ തങ്ങള്‍ക്ക് ഒരു പങ്കും വഹിക്കാനില്ല എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കളഞ്ഞ സുപ്രിംകോടതി, ഒരാളും നിയമം കൈയിലെടുക്കരുതെന്നും ഇതൊരു ക്രമസമാധാന പ്രശ്‌നമായതിനാല്‍ ഓരോ സംസ്ഥാനവും ഉത്തരവാദപ്പെട്ടവരാണെന്നും ഊന്നിപ്പറഞ്ഞു.

RELATED STORIES

Share it
Top