ഗോപിനാഥന്‍പിള്ളയെ ഓര്‍ക്കുമ്പോള്‍

കെ പി ഒ  റഹ്മത്തുല്ല
ജാവീദ് ഗുലാം ശെയ്ഖിന്റെ പിതാവ് ഗോപിനാഥന്‍പിള്ള സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശക്തമായ നിയമപോരാട്ടം നടത്തിയ മനുഷ്യനായിരുന്നു. പൂനെയില്‍ ഇലക്ട്രിക് കോണ്‍ട്രാക്ടറായിരുന്ന പിള്ള ആലപ്പുഴ നൂറനാട് എന്‍എസ്എസിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാവായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച് മകന്‍ 2004ല്‍ അഹ്മദാബാദിനടുത്ത് കൊല്ലപ്പെടുന്നത്.
മോദിഭരണത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി ജനശ്രദ്ധ തിരിച്ചുവിടുന്നത് അന്നു പതിവായിരുന്നു. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നത് മോദി മുഖ്യമന്ത്രിപദത്തിലിരുന്നപ്പോഴാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുമ്പ് തന്റെ അടുത്തുവന്ന് തിരിച്ചുപോയ മകനാണ് എന്ന വിവരം പുറത്തുവന്നപ്പോള്‍ പിള്ളയ്ക്കുണ്ടായ മാനസിക സംഘര്‍ഷം അസഹനീയമായിരുന്നു. ആലപ്പുഴയിലെ ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലും പ്രാണേഷ് കുമാറിന്റെ പത്‌നി സാജിതയുടെ വീട്ടിലും ഗുജറാത്ത് പോലിസും രഹസ്യാന്വേഷണ വിഭാഗങ്ങളും റെയ്ഡും വളയലുമെല്ലാം നടത്തി. ഇവരെ തീവ്രവാദികളാക്കി ചിത്രീകരിച്ചുകൊണ്ട് വാര്‍ത്താമാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളും വന്നു. ഹിന്ദുത്വര്‍ ആലപ്പുഴയിലും പൂനെയിലും തീവ്രവാദികള്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും നടത്തി.
സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമില്ലാതെ ഗോപിനാഥന്‍ പിള്ള വീട്ടില്‍ വാതിലടച്ചു കഴിയുമ്പോഴാണ് മനുഷ്യാവകാശ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഒരു സംഘം അദ്ദേഹത്തെ കാണാനെത്തുന്നത്. മുകുന്ദന്‍ സി മേനോന്‍, ഡോ. വി എം അബ്ദുസ്സലാം, പ്രഫ. എം എസ് ജയപ്രകാശ്, അഡ്വ. സുധീര്‍, അഡ്വ. സാദിഖ് നടുത്തൊടി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ജാവീദ് ശെയ്ഖ് അടക്കമുള്ളവരുടെ മരണം വ്യാജ ഏറ്റുമുട്ടലാണെന്ന് തിരിച്ചറിഞ്ഞായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ രംഗപ്രവേശം.
മകന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ക്കൊലയാണെന്ന് ഗോപിനാഥന്‍ പിള്ള അറിയുന്നത് മുകുന്ദന്‍ സി മേനോന്റെ സംസാരത്തില്‍നിന്നുമാണ്. പോലിസ് ഗുജറാത്ത് ഉള്‍പ്പെടെ, ഉത്തരേന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം ഗോപിനാഥന്‍പിള്ളയ്ക്ക് വിശദീകരിച്ചുകൊടുത്തു. അതോടെ ഗോപിനാഥന്‍ പിള്ള നിയമപോരാട്ടത്തിന് തയ്യാറായി. മനുഷ്യാവകാശ ഏകോപന സമിതിയും അതിന്റെ പ്രവര്‍ത്തകരും പിന്തുണ നല്‍കിയതോടെ പിള്ള സജീവമായി തന്നെ രംഗത്തിറങ്ങി. ഒറ്റപ്പെടുത്തലോ കുറ്റപ്പെടുത്തലോ വകവയ്ക്കാതെ നിയമപോരാട്ടത്തിനുള്ള വഴികള്‍ തുറന്നുകിട്ടുകയായിരുന്നു അതിലൂടെ. പൂനെയിലുള്ള മരുമകള്‍ സാജിതയെയും മക്കളെയും ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ ഘാതകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയും ഉറപ്പാക്കി. മുകുന്ദന്‍ സി മേനോന്റെ സഹായത്തോടെയാണ് അഹ്മദാബാദിലെ പ്രഗല്ഭ അഭിഭാഷകന്‍ മുകുള്‍ സിന്‍ഹയെ കേസ് ഏല്‍പ്പിച്ചത്. അതോടെ ഈ വ്യാജ ഏറ്റുമുട്ടല്‍ ദേശീയതലത്തില്‍ തന്നെ വലിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു.
പിള്ളയുടെയും ഇശ്‌റത് ജഹാന്റെ ഉമ്മ ഷമീമയുടെയും പരാതിയില്‍ അഹ്മദാബാദ് കോടതി കേസെടുക്കുകയും അന്വേഷണത്തിനായി ജസ്റ്റിസ് എസ് പി തമാങിനെ ഏകാംഗ കമ്മീഷനായി നിയോഗിക്കുകയും ചെയ്തു. ആറുമാസത്തെ തമാങിന്റെ അന്വേഷണത്തില്‍ നാലുപേരുടെ മരണം ഏറ്റുമുട്ടലല്ലെന്നും പോലിസ് അവരെ പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും തെളിവുകള്‍ സഹിതം നിരീക്ഷിച്ചിരുന്നു.
അതേത്തുടര്‍ന്ന് പിള്ളയും ഷമീമയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് സിബിഐ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പ്രതികളെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിരുന്നതായി കണ്ടെത്തി. മാത്രമല്ല, ഇവര്‍ മരണപ്പെട്ടത് കാറിലും പുറത്തും മൃതദേഹം കാണപ്പെട്ടതിനും ഒരാഴ്ച മുമ്പാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും തെളിയിച്ചു. സാഹചര്യത്തെളിവുകളും പോലിസുകാര്‍ക്ക് എതിരായിരുന്നു. മുകുള്‍ സിന്‍ഹ സൗജന്യമായി കേസ് വാദിക്കുക മാത്രമല്ല, ഗോപിനാഥന്‍ പിള്ളയ്ക്ക് വീട്ടില്‍ തന്നെ താമസ സൗകര്യം ഒരുക്കുകയും ചെയ്തു. വന്‍സാര മാത്രമല്ല, ഉന്നത പോലിസ് ഉദ്യോഗസ്ഥനായ പി പി പാണ്ഡെ എന്നിവരെല്ലാം പ്രതിസ്ഥാനത്ത് വന്നു. ഇവരെയെല്ലാം ജയിലിലടയ്ക്കുകയും ചെയ്തു.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ വന്‍സാരയും പാണ്ഡെയും ഉള്‍പ്പെടെയുള്ളവരെ ജയില്‍മോചിതരാക്കി. 78ാം വയസ്സിലും ഗോപിനാഥന്‍ പിള്ള ഒരു ചെറുപ്പക്കാരനെപ്പോലെ കേസിന്റെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയിരുന്നു.  കേസില്‍ നിന്നു പിന്മാറാന്‍ അദ്ദേഹത്തിന്റെയും അഭിഭാഷകന്റെയും മേല്‍ വലിയ സമ്മര്‍ദമുണ്ടായി. എല്ലാം വിഫലമാവുകയായിരുന്നു. ഗോപിനാഥന്‍ പിള്ള ഒരു സ്വാധീനത്തിനും വഴങ്ങുന്നില്ലെന്നു വന്നതോടെ സംസ്ഥാനത്തെ സംഘപരിവാര നേതാക്കളിലൂടെ പ്രീണിപ്പിച്ച് വശത്താക്കാനും ശ്രമങ്ങളുണ്ടായി. മകന്റെ ഘാതകരെ കണ്ടെത്തുംവരെ പോരാട്ടത്തില്‍ മുന്നോട്ടുപോകുമെന്നായിരുന്നു അവരോട് പിള്ള പറഞ്ഞത്. ഭാര്യ മരിക്കുകയും ഏകാന്തനായി ജീവിക്കുകയും ചെയ്യുന്നതിനിടയില്‍ ബൈപാസ് സര്‍ജറി വേണ്ടിവരുകയുണ്ടായി. നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പിള്ള കേസിന്റെ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. മകന്റെ മതംമാറ്റമോ മരുമകളുടെ വിശ്വാസങ്ങളോ ഒന്നും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല. അവര്‍ക്ക് താങ്ങുംതണലുമാകാനും ആ വലിയ മനുഷ്യന്‍ മടിച്ചില്ല.                           ി

RELATED STORIES

Share it
Top