ഗോത്ര താളത്തില്‍ ലയിച്ച് സരസ് മേള

പട്ടാമ്പി: പെറെ, ദവില്‍, കോകല്, ജാല്‍റ എന്നീ ആദിവാസി വാദ്യോപകരണങ്ങള്‍ മുഴക്കിയ താളത്തില്‍ ലയിച്ച് സരസ്് മേളയുടെ മൂന്നാംദിനം പിന്നിട്ടു. അട്ടപ്പാടി കമ്മ്യൂണിറ്റി തിയേറ്ററാണ് ശനിയാഴ്ച സരസ്‌മേളയുടെ വേദിയില്‍ ആദിവാസി പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചത്. എട്ട് യുവതികളടക്കം ഇരുപത്തിമൂന്നംഗ ആദിവാസി സംഘമാണ് സരസ്‌മേളയില്‍ ഗോത്രതാളം അവതരിപ്പിച്ച് കാണികളുടെ മനം കവര്‍ന്നത്.
ആദിവാസി പാട്ടുകള്‍, ഇരുള നൃത്തം, മുള നൃത്തം, വടുക നൃത്തം, കുറുമ്പ നൃത്തം, നാടോടിനൃത്തം, മുടിയാട്ടം, നാടന്‍പാട്ടുകള്‍ എന്നിവയാണ് ഈ ആദിവാസി കലാകാരന്‍മാര്‍ കാണികള്‍ക്ക് മുന്നില്‍ കാഴ്ചവച്ചത്. കുടുംബശ്രീ മിഷന്റെ  ആഭിമുഖ്യത്തില്‍ അട്ടപ്പാടി ബാലവിഭവ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 2015ലാണ് കമ്മ്യൂണിറ്റി തിയേറ്റര്‍ രൂപീകരിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ വിവിധതരത്തിലുള്ള സാമൂഹിക വികസന പദ്ധതികളാണ് കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്നത്.
ഇരുപത്തിമൂന്ന് പെണ്‍കുട്ടികളടക്കം നാല്‍പ്പത് പേരാണ് കമ്മ്യണിറ്റി തിയേറ്ററിലെ അംഗങ്ങള്‍. ഇരുള, മുടുക, കുറുമ്പ എന്നീ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള ഈ യുവതി യുവാക്കള്‍ കേരളത്തിലെ നിരവധി വേദികളില്‍ ഗോത്രതാളം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഊരുകളിലെ ആദിവാസി മൂപ്പന്‍മാരാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഗോത്ര സംസ്‌കൃതിയെ അടുത്തറിയാനുളള വേദിയായി സരസ്‌മേള ഇന്നലെ മാറി.

RELATED STORIES

Share it
Top