ഗോത്രമഹാസഭ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹത്തിന്

കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭ (ഗീതാനന്ദന്‍ വിഭാഗം) കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുന്നു. മുത്തങ്ങ വനത്തില്‍ 2013 ഫെബ്രുവരിയില്‍ വനം-പോലിസ് സേനകള്‍ സംയുക്തമായി നടത്തിയ കുടിയിറക്കിനിടെ ആദിവാസി ജോഗി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുക, സമരവുമായി ബന്ധപ്പെട്ട് ആദിവാസികളെ വേട്ടയാടിയ മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ രമേശന്‍ കൊയാലിപ്പുര, മാധവന്‍ കരമാട്, ബാലന്‍ കണ്ണങ്ങോട്, സുന്ദരന്‍ അപ്പപ്പാറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട സിബിഐ കേസുകളില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരുന്ന വിചാരണ ഏകപക്ഷീയമാണെന്ന് അവര്‍ ആരോപിച്ചു.
മുത്തങ്ങയില്‍ പോലിസ് വെടിവയ്പില്‍ മരിച്ച ജോഗിയുടെ കുടുംബത്തിനും സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരും അടക്കം പീഡനം അനുഭവിച്ച ആദിവാസികള്‍ക്കും നീതി ലഭിക്കണം. ഏകപക്ഷീയവും വിഭാഗീയവുമായി ആദിവാസികളെ മാത്രം കുറ്റവാളികളാക്കിയ വിചാരണയാണ് കോടതിയില്‍ നടക്കുന്നത്. മുത്തങ്ങ സംഭവത്തില്‍ ആദിവാസികള്‍ക്കെതിരേ ആറു വീതം വനം, ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകളില്‍ 650ഓളം പേര്‍ കുറ്റാരോപിതരായിരുന്നു. ആദിവാസികള്‍ക്കെതിരായ കേസുകള്‍ മാത്രമാണ് ഇതിനകം കുറ്റവിചാരണയ്ക്ക് വിധേയമാക്കിയത്. ജോഗിയുടെ മരണവും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണകൂടം അട്ടിമറിച്ചു.
അര്‍ഹമായ ഭൂമി നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നും വനാവകാശവും സ്വയംഭരണവും അംഗീകരിക്കണമെന്നുമാണ് ആദിവാസികള്‍ ആവശ്യപ്പെട്ടിരുന്നത്. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ ടൂറിസം പദ്ധതിക്ക് കൈമാറാന്‍ നിര്‍ദേശിച്ചിരുന്ന മുത്തങ്ങ റേഞ്ചിലെ വനഭൂമിയില്‍ ആദിവാസികള്‍ കുടില്‍ കെട്ടിയ വിരോധത്തില്‍ അന്നത്തെ വനംമന്ത്രിയും വ്യവസായ ലോബിയും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കുടിയിറക്ക്. പോലിസ്-വനം സേനാംഗങ്ങള്‍ക്കു പുറമെ രാഷ്ട്രീയ ഗുണ്ടകളും മുത്തങ്ങയില്‍ ആദിവാസികളെ നേരിടാനെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വനഭൂമിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ കുടില്‍ കെട്ടി ഭൂസമരം നടത്തിയെങ്കിലും മുത്തങ്ങയില്‍ മാത്രമാണ് യുദ്ധസമാനമായ രീതിയില്‍ കുടിയിറക്കല്‍ ഉണ്ടായത്. മുത്തങ്ങ സമരഭൂമിയില്‍ 800ഓളം കുടിലുകളാണ് ചുട്ടെരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 700ഓളം ആദിവാസികളെ ക്രൂരമായി വേട്ടയാടി. ആദിവാസികളെ തെരുവില്‍നിന്നു പിടികൂടി മര്‍ദിച്ച് ജയിലില്‍ അടയ്ക്കുന്നതില്‍ പോലിസും ഗുണ്ടാസംഘങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇത്തരം സംഭവം കേരള ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല.
ജോഗിയുടെ മരണത്തിനും കുട്ടികളെ ജയിലില്‍ അടച്ചതിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും നാളിതുവരെ കേസെടുത്തിട്ടില്ല. കടുത്ത വംശീയ വിവേചനമാണ് ആദിവാസികള്‍ക്ക് നേരിടേണ്ടിവന്നത്. ജോഗിയുടേത് അസ്വാഭാവിക മരണമായാണ് നിലനില്‍ക്കുന്നത്. ആദിവാസികളെ വേട്ടയാടിയവരെ നിയമത്തിന്റെ പിടിയില്‍നിന്ന് ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്.
ഈ മാസം അവസാനവാരത്തോടെ സത്യഗ്രഹം ആരംഭിക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി 11നു കൊച്ചിയില്‍ സംസ്ഥാനതല ഡിഫന്‍സ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ചേരും. തുടര്‍ന്ന് ജില്ലയിലെ ആദിവാസി ഊരുകളില്‍ സമരപ്രചാരണം നടത്തുമെന്നും ഗോത്രമഹാസഭ ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top