ഗോത്രജീവന പരിച്ഛേദമൊരുക്കി വസന്തോത്സവം

തിരുവനന്തപുരം: പ്രകൃതിയോടിണങ്ങിയതും ഏറെ വ്യത്യസ്തവുമായ ജീവിത ശൈലികൊണ്ട് ശ്രദ്ധേയമായ ഗോത്ര സംസ്‌കാരത്തിന്റെ നേര്‍ച്ചിത്രമൊരുക്കി കാണികളെ ആകര്‍ഷിക്കുകയാണ്  വസന്തോത്സവത്തില്‍ കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്.
ഗോത്ര സംസ്‌കൃതിയുടെ ഭാഗമായി ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളുടെയും അവരുടെ ആവാസവ്യവസ്ഥയെയും പറ്റി ധാരാളം അറിവ് നല്‍കുന്ന പ്രദര്‍ശനമാണ് കിര്‍ത്താഡ്‌സിന്റെ സ്റ്റാളുകളിലൂടെ ആസ്വാദകര്‍ക്ക് വസന്തോത്സവം സമ്മാനിക്കുന്നത്. പേരുകേട്ട ഗോത്രവര്‍ഗ്ഗ ഔഷധങ്ങളും ആദിവാസി വൈദ്യന്മാരുടെ സേവനവും തലസ്ഥാന നഗരവാസികള്‍ക്ക് ഇവിടെ ലഭ്യമാക്കുന്നുണ്ട്.
തികച്ചും പ്രകൃതിദത്തമായ ചിത്സാരീതിയാണ് ഈ വൈദ്യന്മാര്‍ പിന്തുടരുന്നത്.  വന്‍ ജനത്തിരക്കാണ് ഈ സ്റ്റാളുകളിലുള്ളത്.  ആദിവാസികളുടെ തനതു രീതിയില്‍ തയ്യാറാക്കിയെടുത്ത കുടിലുകളും, അവര്‍ ഉപയോഗിക്കുന്ന വീട്ടു സാമഗ്രികളും ആയുധങ്ങളും, സംഗീതവാദ്യോപകരണങ്ങളും ഇവിടെ ഒരുക്കി മുളങ്കാടുകള്‍ക്കരികില്‍ ഉയര്‍ത്തിയിരിക്കുന്ന ഏറുമാടവും കാണികളെ ഏറെ ആകര്‍ഷിക്കുന്നു.  ഇരുപത്തിയെട്ടിനം ഔഷധ സസ്യങ്ങളാലൊരുക്കിയ ആവിക്കുളി, പ്രകൃതി ചികിത്സയുടെ ഭാഗമായി കിഴി എന്നിവയും, ഗോത്ര സംസ്‌കാരത്തിന്റെ രുചി വൈഭവം ആസ്വദിക്കാന്‍ ഗോത്ര ഭക്ഷ്യമേളയും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. മേള സമാപിക്കാന്‍ മൂന്ന് ദിനം മാത്രം ബാക്കിനില്‍ക്കേ പുഷ്പ പ്രദര്‍ശനം അസ്വദിക്കുവാന്‍ തലസ്ഥന വാസികള്‍ ധാരാളമായി കനകക്കുന്നിലേയ്ക്ക് എത്തുകയാണ്.

RELATED STORIES

Share it
Top