ഗോണിക്കുപ്പയില്‍ പുലി പശുക്കളെ കടിച്ചുകൊന്നു

വീരാജ്‌പേട്ട: ഗോണിക്കുപ്പക്കടുത്ത് പുലിയിറങ്ങി രണ്ട് കറവപ്പശുക്കളെ കടിച്ചുകൊന്നു. കൊന്ന പശുവില്‍ ഒന്നിനെ പകുതിയോളം തിന്ന നിലയിലാണ്. പുലിയുടെ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ മറ്റൊരു പശുവിനെ ചാവാറായ നിലയില്‍ കണ്ടെത്തി. കര്‍ഷകനായ മുരുടേശ്വരന്റെ പശുക്കളെയാണ് പുലി ആക്രമിച്ചത്. പശുക്കള്‍ മേയുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. പുലിയെകണ്ട നാട്ടുകാരും ഇതോടെ ഭീതിയിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാരും കൃഷിക്കാരും തടഞ്ഞുവച്ചു. മതിയായ  നഷ്ടപരിഹാരം കിട്ടണമെന്നും പുലിയെ പിടിച്ച് സുരക്ഷ ഉറപ്പാക്കാണമെന്നും ആവശ്യപ്പെട്ടാണ് വനപാലകരെ തടഞ്ഞുവെച്ചത്. ഡിഎഫ്ഒ മരിയാ ക്രിസ്തുരാജിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ 30000 രൂപ വീതം പശുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നല്‍കുമെന്നും കൂടുതല്‍ തുക തുടര്‍ന്നും അനുവദിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. തുടര്‍ന്ന് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂടും കെണിയും സ്ഥാപിച്ചതോടെയാണ് ജനക്കൂട്ടം പ്രതിഷേധമവസാനിപ്പിച്ചത്. ജനതാദള്‍ ജില്ലാ പ്രസിഡന്റ് സങ്കേത് പൂവയ്യ സ്ഥലം സന്ദര്‍ശിച്ച് പശുക്കള്‍ നഷ്ടപ്പെട്ട കുടുംബത്തിന് പതിനായിരം രൂപ ധനസഹായം നല്‍കി.

RELATED STORIES

Share it
Top