ഗോഡൗണില്‍ തീപ്പിടിത്തം; നാല് ലക്ഷത്തിന്റെ നഷ്ടം

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇലക്ട്രിക്കല്‍ പ്ലംബിഗ് കടയുടെ ഗോഡൗണിന് തീപിടിച്ച് നാല് ലക്ഷം രൂപയുടെ നഷ്ടം. തെക്കെനടയിലെ ഫിന ഇലക്ട്രിക്കല്‍സിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. രാവിലെ പത്തരയോടെ പുക ഉയരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൂര്‍ണമായും തീയണക്കാനായത്. പരിസരത്ത് കറുത്തപുക വ്യാപിച്ചതിനെ തുടര്‍ന്ന് ഔട്ടര്‍ റിംഗ് റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. കനത്ത പുക ശ്വസിച്ച് ടെമ്പിള്‍ സ്‌റ്റേഷന്‍ എ.എസ്.ഐ പി.അറുമുഖന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വയറിംഗ് ഉപകരണങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

RELATED STORIES

Share it
Top