ഗൈഡില്‍ നിന്ന് ചോദ്യങ്ങള്‍; പരീക്ഷ റദ്ദാക്കണം

തിരുവനന്തപുരം: അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ സ്വകാര്യ ഗൈഡില്‍ നിന്ന് ചോദ്യങ്ങള്‍ പകര്‍ത്തിയ പിഎസ്‌സി നടപടി വിവാദത്തില്‍. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ സമീപിച്ചു.
നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് ഇവരുടെ തീരുമാനം. പരീക്ഷയില്‍ ആകെയുള്ള 80 ചോദ്യങ്ങളില്‍ 31 എണ്ണവും ഒരേ ഗൈഡില്‍ നിന്നാണ് പിഎസ്‌സി പകര്‍ത്തിയത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് കീഴിലുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഡിസംബര്‍ 19നാണ് പിഎസ്‌സി പരീക്ഷ നടത്തിയത്. ഡല്‍ഹി ആസ്ഥാനമായുള്ള കോച്ചിങ് സെന്ററായ മെയ്ഡ് ഈസിയുടെ ഗൈഡില്‍ നിന്നുമാണ് ചോദ്യങ്ങളും ഓപ്ഷനുകളും അതേപടി പകര്‍ത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരീക്ഷയുടെ സിലബസും പിഎസ്‌സി മുന്‍കൂട്ടി തയ്യാറാക്കി നല്‍കിയിരുന്നില്ല. ഉദ്യോഗാര്‍ഥികളുടെ പരീക്ഷാ തയ്യാറെടുപ്പുകളെയും ഇത് ബാധിച്ചിരുന്നു.

RELATED STORIES

Share it
Top