ഗെയ്ല്‍ അടിച്ചു തകര്‍ത്തു രംഗ്പൂര്‍റൈഡേഴ്‌സിന് ബിപിഎല്‍ കിരീടം
ധക്ക: വിന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ ബാറ്റ് കൊണ്ട് നിരവധി റെക്കോഡുകള്‍ രചിച്ച ബംഗ്ലാദേശ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ രംഗ്പൂര്‍റൈഡേഴ്‌സിന് കിരീടം. കലാശപ്പോരാട്ടത്തില്‍ 57 റണ്‍സിനാണ് ധാക്ക ഡൈനാമിറ്റ്‌സിനെ തോല്‍പ്പിച്ചത്. 146 റണ്‍സെടുത്ത ഗെയിലിന്റെ കരുത്തിലാണ് രംഗ്പൂര്‍ കിരീടം സ്വന്തമാക്കിയത്.ടോസ് നേടിയ ധാക്ക ഡൈനാമിറ്റ്‌സ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ക്രിസ് ഗെയ്ല്‍ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കലത്തിനൊപ്പം (51 നോട്ടൗട്ട്) ചേര്‍ന്ന് ധക്ക ബൗളര്‍മാരെ കശാപ്പ് ചെയ്തപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്ക് രംഗ്പൂര്‍ എത്തി.  ട്വന്റി20 ഫൈനലിലെ ഏറ്റവും വലിയ ഓപണിങ് കൂട്ടുകെട്ടായ 201 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്.സ്‌കോര്‍ 22 ല്‍ നില്‍ക്കുമ്പോള്‍ ഷക്കീബ് അല്‍ ഹസന്‍ വിട്ടുകളഞ്ഞതിന് ശേഷം ഗെയ്ല്‍ ഒരവസരവും നല്‍കിയില്ല. മക്കലം 51 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങിനിറങ്ങിയ ധാക്ക ഡൈനാമിറ്റ്‌സിന് 149 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും കൂടാരം കയറി. ജൗഹറുല്‍ ഇസ്‌ലാം (38 പന്തില്‍ നിന്ന് 50)മാത്രമാണ് ധക്ക നിരയില്‍ പിടിച്ചു നിന്നത്.

RELATED STORIES

Share it
Top