ഗെയില്‍ സമരം; പുല്‍പ്പറ്റയില്‍ ജനകീയ പ്രതിഷേധം

മഞ്ചേരി: പുല്‍പ്പറ്റ കല്ലച്ചാലില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സര്‍വേ നടത്താനെത്തിയ സംഘത്തെ തടഞ്ഞ 48 പേരെ പോലിസ് അറസ്റ്റ് ചെയ്തു.  സബാഹ് പുല്‍പ്പറ്റ, കെ പി മുഹമ്മദ്, സി കെ അബുബക്കര്‍, വി ഷിഹാബ് തുടങ്ങി സമര സമിതിയിലെ പ്രധാനികളടക്കമുള്ളവരെയാണ് മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റു ചെയ്തത്.  ജനവാസ മേഖലയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ മേഖലയില്‍ പ്രതിഷേധം ശക്തിയാര്‍ജിച്ചിരിക്കെയായിരുന്നു സര്‍വേ.കഴിഞ്ഞയാഴ്ച സര്‍വേ നടത്താനെത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.  തിങ്കളാഴ്ച മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ സാന്നിധ്യത്തില്‍ പുനരാരംഭിച്ച സര്‍വെ പുല്‍പ്പറ്റ കല്ലച്ചാലിലെ ജനവാസ മേഖലയിലെത്തിയതോടെ വീണ്ടും നാട്ടുകാര്‍ സമരം നടത്തുകയായിരുന്നു. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നായിരുന്നു സമര സമിതിയുടെ ആവശ്യം. സര്‍വേ നടപടികള്‍ക്ക് മുമ്പായി സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന് നേരത്തെ കലക്ടര്‍ ഉത്തരവിട്ടിരുന്നു.  ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നോട്ടീസ് വില്ലേജ് ഓഫിസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി.  എന്നാല്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇതുസംബന്ധിച്ച് ഒരു നോട്ടീസും ലഭിച്ചില്ലെന്നറിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭമാരംഭിച്ചത്.  സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മുന്നൂറോളം വരുന്ന നാട്ടുകാര്‍ സമരത്തില്‍ പങ്കെ—ടുത്തു.  കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി 48 പേരെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. തുടര്‍ന്ന് എസ്‌ഐമാരായ റിയാസ് ചാക്കീരി, കെ പി അബ്ദുറഹിമാന്‍, കെ എ ഫക്രുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നൂറോളം വരുന്ന പോലീസുകാരുടെ കനത്ത ബന്ദവസ്സിലാണ്  സര്‍വ്വെ നടപടികള്‍ പുനരാരംഭിച്ചത്.  നിലവിലെ സര്‍വേ പ്രകാരം ഗൈയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടെ രണ്ട് മദ്‌റസകള്‍, പള്ളി എന്നിവക്കു പുറമെ വില്ലേജിലെ ഇരുനൂറോളം വീടുകളേയും ബാധിക്കും.

RELATED STORIES

Share it
Top